തിരുവനന്തപുരം: ലോകകേരളസഭ ബഹിഷ്‌ക്കരണത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ പരമാര്‍ശം നിര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് യൂസഫലിയോട് പറഞ്ഞിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതും താമസം ഒരുക്കുന്നതും ധൂര്‍ത്താണെന്ന് പ്രതിപക്ഷം എവിടെയും പറഞ്ഞിട്ടില്ല. എം.എ യൂസഫലിയുടെ പരാമര്‍ശം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. കലുഷിതമായ രാഷ്ട്രീയ സാഹചര്യം കാരണമാണ് ലോക കേരള സഭയില്‍ നിന്ന് യു.ഡി.എഫ് നേതാക്കള്‍ വിട്ടു നില്‍ക്കുന്നത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ തന്നെ യൂസഫലിയെ അറിയിച്ചതുമാണ്. എന്നിട്ടും അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയതിനെ ന്യായീകരിക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.
കോര്‍പറേറ്റ് ശൈലി സൈന്യത്തില്‍ കൂടി കൊണ്ട് വരാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് അഗ്‌നിപഥ് പദ്ധതിയെന്നും സതീശൻ വിമർശിച്ചു. ജോലിയിലെ സ്ഥിരതയില്ലായ്മ ചെറുപ്പക്കാരെ നിരാശരാക്കും. ആ നിരാശയില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത്. കോര്‍പ്പറേറ്റ് പ്രീണന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും സതീശന്‍ പറഞ്ഞു.