സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തെ നിയന്ത്രിക്കുന്നത് കേരള ഘടകം; ദല്‍ഹിയില്‍ പറയുന്ന അഭിപ്രായം കേരളത്തില്‍ പറയാന്‍ യെച്ചൂരിക്ക് പേടി: വി.ഡി. സതീശന്‍
Kerala News
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തെ നിയന്ത്രിക്കുന്നത് കേരള ഘടകം; ദല്‍ഹിയില്‍ പറയുന്ന അഭിപ്രായം കേരളത്തില്‍ പറയാന്‍ യെച്ചൂരിക്ക് പേടി: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2022, 1:33 pm

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിലൂടെ തീവ്ര വലതുപക്ഷ നിലപാടിലേക്ക് സി.പി.ഐ.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നത് കോണ്‍ഗ്രസ് വിരുദ്ധതയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ബി.ജെ.പി വിരുദ്ധ ചേരിയില്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് സി.പി.ഐ.എം തീരുമാനിച്ചത് സംഘപരിവാറിന് പിണറായി വിജയന്‍ കൊടുത്ത ഉറപ്പാണെന്നും സതീശന്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി ചേരാനുള്ള സി.പി.ഐ.എം ദേശീയ നേതൃത്വത്തിന്റെ ശ്രമത്തെ പരാജയപ്പെടുത്തുമെന്ന ഉറപ്പ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പി.ഐ.എം സംഘപരിവാര്‍ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

അതാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നത്. ഈ കോണ്‍ഗ്രസ് വിരുദ്ധത മകന്‍ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കണ്ടാല്‍ മതിയെന്ന് ആഗ്രഹിക്കുന്ന ചില അമ്മായിഅമ്മമാരെ പോലെയാണ്. ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്‍പിക്കണമെന്ന് ആഹ്വാനം ചെയ്ത പഴയ ചില നേതാക്കളുടെ പിന്‍മുറക്കാരായി നിന്നുകൊണ്ടാണ് ഇവര്‍ പ്രസംഗിക്കുന്നത്.

ഇവര്‍ക്ക് ഒരു ഇടതുപക്ഷ ലൈനുമില്ല. തീവ്ര വലതുപക്ഷ ലൈനിലേക്ക് ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ സി.പി.ഐ.എം മാറിയിരിക്കുകയാണ്. ദല്‍ഹിയില്‍ പറയുന്ന അഭിപ്രായം കേരളത്തില്‍ പറയാന്‍ സീതാറാം യെച്ചൂരിക്ക് പോലും പേടിയാണ്. ദേശീയ നേതൃത്വത്തെ ഭയപ്പെടുത്തി ബി.ജെ.പിയുമായി ചേര്‍ന്നുള്ള ബന്ധത്തിന്റെ അജണ്ടയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിലെ സി.പി.ഐ.എം നേതൃത്വവും പിണറായി വിജയനും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്,’ സതീശന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായി കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം അവസാനിപ്പിച്ച ഇടനിലക്കാര്‍ പാര്‍ട്ടി കോണ്‍ഗ്രിസിലുണ്ടെന്നും സതീശന്‍ പറഞ്ഞു. സില്‍വര്‍ലൈനിന് അംഗീകാരം നേടിയെടുക്കാനുള്ള പ്രീണനമാണ് സി.പി.ഐ.എം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കെ.വി തോമസിന് പുനര്‍വിചിന്തനത്തിന് ഇനിയും സമയമുണ്ടെന്നും സതീശന്‍ പറഞ്ഞു. കെ.വി തോമസിനെതിരെ എന്ത് നടപടിയെടുക്കുമെന്ന കാര്യം തീരുമാനിക്കുന്നത് കെ.പി.സി.സി പ്രിഡന്റായിരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.