| Tuesday, 22nd March 2022, 3:29 pm

പിണറായിയുടെ രാജസദസിലെ വിദൂഷകന്‍മാരാണ് സജി ചെറിയാനും ഇ.പി. ജയരാജനും; കെ റെയില്‍ സമരത്തെ പിണറായി നേരിടുന്നത് മോദിയെ പോലെ: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഭരണപക്ഷ നേതാക്കള്‍ സമരക്കാരെ അധിക്ഷേപിച്ചത് കൊണ്ടുമാത്രം സമരമില്ലാതാകില്ലെന്നും പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോയി സമരക്കാരെ സംരക്ഷിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പിണറായിയുടെ രാജസദസിലെ വിദൂഷകന്‍മാരാണ് സജി ചെറിയാനും ഇ.പി. ജയരാജനുമെന്നും സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകസമരത്തെ നേരിട്ടത് പോലെയാണ് മുഖ്യമന്ത്രി പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തെ നേരിടുന്നത്. പിണറായിയെ ഭയക്കുന്നതിനാല്‍ കൂടെ നില്‍ക്കുന്നവരാണ് പലരും. പക്ഷെ ജനങ്ങളെ അതില്‍ കൂട്ടരുത്. ഞങ്ങള്‍ക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ചാലൊന്നും സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നുവെന്നാണ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ കാണുന്നത്. കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയും.

ഇതിനെതിരെ കെ.പി.സി.സി പ്രസിഡന്റുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു.

ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാര്‍ പ്രളയ ജലത്തില്‍ ഒലിച്ചുപോയി എന്നും പറഞ്ഞ് ടി.വി ക്യാമറകള്‍ക്ക് മുന്നില്‍ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാന്‍. തന്റെ കാര്‍ നഷ്ടപ്പെട്ടപ്പോള്‍ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തീവ്രവാദി പട്ടം ചാര്‍ത്തി കൊടുക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

കെ റെയിലിനെതിരെ നടക്കുന്നത് അടികിട്ടേണ്ട സമരമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിരിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്നത് അടികിട്ടേണ്ട സമരമാണ്. എന്നാല്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ സര്‍വേകല്ല് എടുത്തുകൊണ്ടുപോയി എന്നതുകൊണ്ട് കല്ലിന് ക്ഷാമമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlights: VD Satheesan says Pinarayi Vijayan act like Narendra Modi in K Rail issue

We use cookies to give you the best possible experience. Learn more