തിരുവനന്തപുരം: ഗുജറാത്ത് മാതൃക പഠിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക് തിരിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി എന്നാണ് ദല്‍ഹിക്ക് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തല്‍. ആ സദ്ഭരണം പഠിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചിരിക്കുകയാണ്.
മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി ഇനി എന്നാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്നു കൂടി അറിഞ്ഞാല്‍ മതി. പകല്‍ ബി.ജെ.പി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ സംഘപരിവാറുമായി സന്ധി ചേരുകയും ചെയ്യുന്ന നിലപാടാണ് സി.പി.എമ്മിന്റേത്.
ഗുജറാത്ത് ഒരിക്കലും കേരളത്തിന് പഠിക്കാന്‍ മാതൃകയല്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഗുജറാത്തിലുള്ളവര്‍ ഇങ്ങോട്ട് വന്ന് പഠിക്കുകയാണ് വേണ്ടത്. കേരളം അങ്ങോട്ട് പഠിക്കാന്‍ പോകുന്നത് ഗതികേടാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഇ ഗവേണന്‍സിനുള്ള ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘത്തെ മൂന്ന് ദിവസം ഗുജറാത്തിലേക്ക് അയക്കാനാണ് സര്‍ക്കാര്‍ തീരുമാനം.