യു.ഡി.എഫിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിരുന്നെങ്കില്‍ എന്തെല്ലാം കഥകള്‍ എഴുതുമായിരുന്നു; മാധ്യമങ്ങള്‍ക്ക് എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും രണ്ട് നീതിയെന്ന് സതീശന്‍
Kerala News
യു.ഡി.എഫിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിരുന്നെങ്കില്‍ എന്തെല്ലാം കഥകള്‍ എഴുതുമായിരുന്നു; മാധ്യമങ്ങള്‍ക്ക് എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും രണ്ട് നീതിയെന്ന് സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th May 2022, 2:46 pm

 

കൊച്ചി: എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും രണ്ട് നീതിയാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതെങ്കില്‍ എന്തെല്ലാം കഥകള്‍ എഴുതുമായിരുന്നുവെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സി.പി.ഐ.എം സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലാണ്. എറണാകുളം ജില്ലയിലെ സി.പി.ഐ.എമ്മിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണം.

എന്നിട്ടും ഒരു മാധ്യമം പോലും അത് റിപ്പോര്‍ട്ട് ചെയ്തില്ല. കോണ്‍ഗ്രസിലാണ് ഈ സാഹചര്യമെങ്കില്‍ എന്തായിരുന്നു അവസ്ഥ? കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ സി.പി.ഐ.എം നേതാക്കളോട് ഒന്നും ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിനോടും എല്‍.ഡി.എഫിനോടും രണ്ട് നീതിയാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. കിട്ടുന്ന എല്ലാ അവസരത്തിലും കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വേണ്ട. മാധ്യമങ്ങള്‍ എന്തു ചോദിച്ചാലും അതിന് മറുപടി പറയുന്നു എന്നത് ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത്. തോപ്പുംപടിയില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നതും കേട്ട് ഞങ്ങളോട് ചോദിക്കാനും നില്‍ക്കരുതെന്നും സതീശന്‍ പറഞ്ഞു.

വികസന രാഷ്ട്രീയം തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഒരു തടസവുമില്ല. നെടുമ്പാശ്ശേരി വിമാന താവളം, കലൂര്‍ സ്റ്റേഡിയം, ഗോശ്രീ വികസന പദ്ധതി, മെട്രോ റെയില്‍ ഇതെല്ലാം യു.ഡി.എഫിന്റെ പദ്ധതികളാണ്. എല്‍.ഡി.എഫ് കൊണ്ടു വന്ന ഏതെങ്കിലും വികസന പദ്ധതി കാണിച്ചു തരാമോ? വികസനം വേണം വിനാശം വേണ്ട എന്നാണ് യു.ഡി.എഫ് നിലപാടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.