| Wednesday, 29th June 2022, 6:40 pm

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ ഇനം വിഷം: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉദയ്പൂരിലെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തീവ്രമത നിലപാടുകള്‍ മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികളിലേക്ക് തള്ളിവിടുമെന്നും സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സതീശന്റെ പ്രതികരണം.

മതത്തിന്റെ പേരിലുള്ള ഏത് കൊലയും ഹീനമാണ്. രാജ്യത്ത് കലാപം ഉണ്ടാക്കുകയായിരുന്നു വര്‍ഗീയ വാദികളുടെ ലക്ഷ്യം. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ ഇനം വിഷം തന്നെ.
വിശ്വാസം സ്പിരിച്വാലിറ്റിയിലേക്ക് നയിക്കപ്പെടണം. എങ്കിലെ സഹജീവികളെയും പ്രകൃതിയെയും എല്ലാത്തിനേയും ഉള്‍ക്കൊണ്ട്, സമാധാനവും സ്‌നേഹവും പുലര്‍ത്താനാകൂ. അസഹിഷ്ണുതയുടെയോ ക്രൂരതയുടെയോ വഴിയല്ല ഈശ്വരവിശ്വാസം. അങ്ങേയറ്റത്തെ ആദരവോടെ പിറന്ന നാടിനെയും മതനിരപേക്ഷതയെയും സഹിഷ്ണുതയെയും മനസില്‍ സൂക്ഷിക്കാന്‍ ഓരോരുത്തരും തയാറാകണം. ഓരോ ഭാരതീയനും വിവിധ വിശ്വാസങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണ്. ആ തിരിച്ചറിവു മാത്രം മതി സമാധാനം പുലരാനെന്നും സതീശന്‍ പറഞ്ഞു.

‘മത തീവ്രവാദത്തെ നിയന്ത്രിക്കാനാണ് സര്‍ക്കാരുകള്‍ തയാറാകേണ്ടത്, അല്ലാതെ വിഭാഗീയത വളര്‍ത്താനല്ല. ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ഉയര്‍ത്തിക്കാട്ടാനും ശ്രമിക്കരുത്. അത് ഇന്ത്യയെന്ന മഹത്തായ സങ്കല്‍പ്പത്തെ തകര്‍ക്കും.

‘If any person raises his hand to strike down another on the ground of religion, I shall fight him till the last breath of my life, both as the head of the government and from the outside.’ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകള്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം ഇന്ന് പ്രസക്തമാണ്,’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഉദയ്പൂരില്‍ നടന്നതെന്നും ഏത് മതത്തിന്റെ പേരിലായാലും വര്‍ഗീയവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന് നമ്മള്‍ ഉറച്ചു തീരുമാനിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചും വര്‍ഗീയതയെ വെല്ലുവിളിച്ചും സ്വരമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

CONTENT HIGHLIGHTS: VD Satheesan says Majority racism and minority racism are the same kind of poison

Latest Stories

We use cookies to give you the best possible experience. Learn more