തിരുവന്തപുരം: എല്‍.ഡി.എഫ് ശിഥിലമാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഘടകകക്ഷി നേതാവായ എം.വി. ശ്രേയാംസ് കുമാറിനെതിരെ പോലും സി.പി.ഐ.എം സൈബര്‍ ആക്രമണം നടത്തുകയാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
‘മാതൃഭൂമി റിപ്പോര്‍ട്ടര്‍മാര്‍ക്ക് മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടെന്ന ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്താത്തത്. ഐ.ജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തന്നെ ശ്രമിക്കുന്ന വിചിത്രമായ കാഴ്ചയെക്കുറിച്ചാണ് ശ്രേയാംസ് കുമാര്‍ പറഞ്ഞത്. വളരെ ഗുരുതരമായ വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.
ഈ സംസ്ഥാനത്തെ മുതിര്‍ന്നൊരു പൊലീസ് ഉദ്യോഗസ്ഥനെ ട്രാപ്പ് ചെയ്യാന്‍ വേണ്ടി പൊലീസ് മാതൃഭൂമി ന്യൂസിന്റെ റിപ്പോര്‍ട്ടറെ നിര്‍ബന്ധിച്ചു എന്നുള്ളത് ഗുരുതരമായൊരു വെളിപ്പെടുത്തലാണ്. എന്തുകൊണ്ട് പൊലീസ് ഇത് അന്വേഷിക്കുന്നില്ല? ഇത്രയും അച്ചടക്കമില്ലായ്മയാണോ പൊലീസില്‍ ഉള്ളത്,’ സതീശന്‍ ചോദിച്ചു.
അതിശക്തമായ കേസുകള്‍ ഉണ്ടായിട്ട് പോലും പൊലീസ് അതിലൊന്നിലും കേസെടുത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ‘കൈയും കാലും കെട്ടി ലോക്കപ്പില്‍ ഇട്ടിരിക്കുകയാണ് പൊലീസിനെ.
അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റുന്നില്ല. ഒരു കാലത്ത് സ്‌കോട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന നമ്മുടെ പൊലീസ് ഇപ്പോള്‍ പിന്നോക്കം പോയിരിക്കുന്നു,’ സതീശന്‍ പറഞ്ഞു.
അതേസമയം, എലത്തൂര്‍ തീവെപ്പ് കേസിലെ പ്രതിയുടെ ദൃശ്യം നല്‍കിയതിന്റെ പേരില്‍ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണെന്നാണ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ നേരത്തെ പറഞ്ഞത്.
‘ജീവനക്കാര്‍ക്കെതിരെ കേസെടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിപ്പിക്കാന്‍ വേണ്ടിയായിരുന്നു. ഇതിന്റെയൊക്കെ പിന്നില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ഒരു മാധ്യമ സ്ഥാപനത്തിന്റെ ഉടമസ്ഥനായതിന്റെ പേരില്‍ തനിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കാറുണ്ട്.
മരിച്ചുപോയ അച്ഛന്‍ വീരേന്ദ്ര കുമാറിനെ പോലും സൈബര്‍ പോരാളികള്‍ വെറുതെ വിടാറില്ല. പൊലീസ് നടപടികള്‍കൊണ്ട് മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല. ഇത് കേവലമൊരു കേസല്ല. ഞങ്ങള്‍ പറയുന്ന പേരുകള്‍ നിങ്ങള്‍ പറയണം എന്ന ഉദ്ദേശത്തോടെയുള്ള പരിപാടിയായിരുന്നു,’ എന്നാണ് ശ്രേയാംസ് കുമാര്‍ പറഞ്ഞത്.