തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഐ.എന്‍.ടി.യു.സിയേ താന്‍ തള്ളി പറഞ്ഞതല്ലെന്നും സതീശന്‍ പറഞ്ഞു.
‘യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവുമാണ് കോണ്‍ഗ്രസിന്റെ പോഷക സംഘടനകള്‍. ഐ.എന്‍.എന്‍.ടി.യു.സി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടന മാത്രമാണ്. എന്നാല്‍ പാര്‍ട്ടിയുടെ അഭിവാജ്യ ഘടകമാണ് അവരെന്നതില്‍ തര്‍ക്കമില്ല. വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ആലോചിച്ചാണ് നിലപാടെടുത്തത്. ഒറ്റയ്ക്ക് പറയുന്ന അഭിപ്രായമല്ല,’ സതീശന്‍ വ്യക്തമാക്കി.
ഐ.എന്‍.എന്‍.ടി.സിയുടെ പ്രതിഷേധത്തിനു പിന്നില്‍ കുത്തിതിരുപ്പ് സംഘമാണെന്നും സതീശന്‍ വിമര്‍ശിച്ചു. എന്റെ നിലപാട് ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ തള്ളി പറഞ്ഞിട്ടില്ല. പണിമുടക്കിലെ അക്രമസംഭവങ്ങളെ എതിര്‍ക്കും. ആര്‍. ചന്ദ്രശേഖരനും പാര്‍ട്ടിയുടെ നിലപാടാണന്നും സതീശന്‍ പറഞ്ഞു.
അതേസമയം, ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എന്ന സതീശന്റെ പരമാര്‍ശത്തിനെതിരെ ചങ്ങനാശ്ശേരിയില്‍ 100 കണക്കിന് പേര്‍ പങ്കെടുത്ത വലിയ പ്രതിഷേധമാര്‍ച്ചാണ് നടന്നത്. ഇക്കാലമത്രയും ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഐ.എന്‍.ടി.യു.സി നേതാവ് പി.പി. തോമസ് പറഞ്ഞു.
CONTENT HIGHLIGHTS: VD Satheesan says he has not rejected INTUC