തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സഭയില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ നടത്തിയത് ആറ് പതിറ്റാണ്ടുകാലത്തെ പിണറായി വിജയന്റെ മഹത്വം വാഴ്ത്തുകയാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു. ഇസ്‌ലാമോഫോബിയ ഉണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ല. വിഷയത്തെ വര്‍ഗീയവത്കരിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. മടിയില്‍ കനമില്ലെന്ന് ബോര്‍ഡ് വച്ചാല്‍ പോര, കനമില്ലെന്ന് മുഖ്യമന്ത്രി തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നക്കും ശിവശങ്കറിനും ഇരട്ട നീതിയാണുള്ളത്. ഗുരുതരമായ ആരോപണമാണ് ഷാജ് കിരണ്‍ ഉന്നയിച്ചത്. ഷാജ് കിരണിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രി കള്ളം ആവര്‍ത്തിക്കുകയാണ്. അഭിപ്രായം മാറ്റി മാറ്റി പറയുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒട്ടും ക്ഷോഭിക്കാതെ മാത്യു കുഴല്‍നാടന്‍ തെളിവ് നല്‍കി. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പിയുടെ ഭാര്യയെ സോണിയാ ഗാന്ധി സന്ദര്‍ശിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞത് പച്ചകള്ളമാണ്. കലാപബാധിതരെ കാണാതെ സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ മുങ്ങിയെന്ന് ടീസ്ത സെതല്‍വാദ് പറഞ്ഞതിന്റെ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. വെറുതെ മുഖ്യമന്ത്രി വടി കൊടുത്ത് അടി വാങ്ങാന്‍ നില്‍ക്കരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ആവര്‍ത്തിച്ചു. വീണ വിജയന്റെ കമ്പനിയുടെ മെന്റര്‍ ആണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്(പി.ഡബ്ല്യു.സി) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എന്ന് വ്യക്തമാക്കുന്ന ഭാഗം കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കംചെയ്‌തെന്ന് മത്യു കുഴല്‍നാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വീണാ വിജയന്റെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റില്‍ ജെയ്ക് ബാലകുമാറിനേക്കുറിച്ച് നേരത്തെ ഉള്‍പ്പെടുത്തിയിരുന്ന ഭാഗം മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എക്‌സാലോജിക് എന്ന കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
CONTENT HIGHLIGHTS: VD Satheesan Says happened in the Assembly was a tribute to the glory of Pinarayi Vijayan for six decades