തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സഭയില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ നടത്തിയത് ആറ് പതിറ്റാണ്ടുകാലത്തെ പിണറായി വിജയന്റെ മഹത്വം വാഴ്ത്തുകയാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു. ഇസ്‌ലാമോഫോബിയ ഉണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ല. വിഷയത്തെ വര്‍ഗീയവത്കരിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. മടിയില്‍ കനമില്ലെന്ന് ബോര്‍ഡ് വച്ചാല്‍ പോര, കനമില്ലെന്ന് മുഖ്യമന്ത്രി തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നക്കും ശിവശങ്കറിനും ഇരട്ട നീതിയാണുള്ളത്. ഗുരുതരമായ ആരോപണമാണ് ഷാജ് കിരണ്‍ ഉന്നയിച്ചത്. ഷാജ് കിരണിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രി കള്ളം ആവര്‍ത്തിക്കുകയാണ്. അഭിപ്രായം മാറ്റി മാറ്റി പറയുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒട്ടും ക്ഷോഭിക്കാതെ മാത്യു കുഴല്‍നാടന്‍ തെളിവ് നല്‍കി. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പിയുടെ ഭാര്യയെ സോണിയാ ഗാന്ധി സന്ദര്‍ശിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞത് പച്ചകള്ളമാണ്. കലാപബാധിതരെ കാണാതെ സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ മുങ്ങിയെന്ന് ടീസ്ത സെതല്‍വാദ് പറഞ്ഞതിന്റെ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. വെറുതെ മുഖ്യമന്ത്രി വടി കൊടുത്ത് അടി വാങ്ങാന്‍ നില്‍ക്കരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.