രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്താനുള്ള ശേഷി ബി.ജെ.പിക്കാര്‍ക്കില്ലാത്തതിനാല്‍ ആ ക്വട്ടേഷന്‍ സി.പി.ഐ.എമ്മുകാര്‍ ഏറ്റെടുത്തു; പക്ഷെ അതിന് ശേഷിയുള്ളവര്‍ സി.പി.ഐ.എമ്മിലുമില്ല: വി.ഡി. സതീശന്‍
Kerala News
രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്താനുള്ള ശേഷി ബി.ജെ.പിക്കാര്‍ക്കില്ലാത്തതിനാല്‍ ആ ക്വട്ടേഷന്‍ സി.പി.ഐ.എമ്മുകാര്‍ ഏറ്റെടുത്തു; പക്ഷെ അതിന് ശേഷിയുള്ളവര്‍ സി.പി.ഐ.എമ്മിലുമില്ല: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th June 2022, 11:20 am

തിരുവനന്തപുരം: കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടില്‍ വന്ന് നടത്തിയ ആഹ്വാനം കേട്ട് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്താന്‍ ഇറങ്ങിയിരിക്കുകയാണ് സി.പി.ഐ.എമ്മുകാരെന്നും അതിനുള്ള ശേഷി ബി.ജെ.പിക്കാര്‍ക്കില്ലാത്തതിനാല്‍ ആ ക്വട്ടേഷന്‍ സി.പി.ഐ.എമ്മുകാര്‍ ഏറ്റെടുത്തതാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സ്വന്തം മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത എം.പിയാണ് രാഹുല്‍ ഗാന്ധി എന്ന സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശത്തിനും സതീശന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി നല്‍കി.

”മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത എം.പി ആയതുകൊണ്ടായിരിക്കാം കിഡ്‌നി രോഗികള്‍ക്കും ഹൃദയസംബന്ധമായ രോഗികള്‍ക്കും വേണ്ടി അദ്ദേഹം നടത്തുന്ന പദ്ധതികളുടെയെല്ലാം ഫയലുകള്‍ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാരെ ഉപയോഗിച്ച് ഈ ജില്ലാ സെക്രട്ടറി മോഷ്ടിച്ചുകൊണ്ട് പോയത്, എസ്.എഫ്.ഐക്കാരെ കൊണ്ട് കവര്‍ച്ച ചെയ്യിപ്പിച്ചത്.

ആ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ റിവ്യൂ മീറ്റിങ്ങ് നടത്തുകയും പീരിയോഡിക്കലായി അവിടെ സന്ദര്‍ശിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും അവിടത്തെ എം.എല്‍.എമാരുമായി കോര്‍ഡിനേറ്റ് ചെയ്യുകയും ചെയ്യുന്നയാളാണ് രാഹുല്‍ ഗാന്ധി.

മേയ് മൂന്നാം തീയതി കേന്ദ്ര കാബിനറ്റ് മന്ത്രി സ്മൃതി ഇറാനി വയനാട്ടില്‍ വന്ന് ഒരു ആഹ്വാനം നടത്തി. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും നിങ്ങള്‍ തുരത്തണം എന്ന്. അതിനുള്ള ശേഷി കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് ഇല്ലാത്തതുകൊണ്ട് സി.പി.ഐ.എമ്മുകാര്‍ ആ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്.

വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ തുരത്താന്‍. അതിന് ശേഷിയുള്ളവര്‍ സി.പി.ഐ.എമ്മിലുമില്ല എന്ന് മാത്രമേ എനിക്ക് ഓര്‍മപ്പെടുത്താനുള്ളൂ.

അവര് പ്രതിഷേധം നടത്തട്ടെ, അവര്‍ ആരോടാണ് പ്രതിഷേധിക്കുന്നത്. ഞാനല്ല കറന്‍സി വിദേശത്തേക്ക് കൊണ്ടുപോയത്, എന്റെ വീട്ടിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുവന്നു എന്ന് ആരോപണമില്ല. പക്ഷെ സി.പി.ഐ.എം എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. അതുപോലെ ഇന്ന് വയനാട്ടില്‍ സിപി.ഐ.എം മാര്‍ച്ച് നടത്തുകയാണ്. ആര്‍ക്കെതിരെയാണ്, അന്തരീക്ഷത്തിലേക്ക് നോക്കിയിട്ടോ.

എന്തുപറ്റി അവര്‍ക്ക്, എന്തോ ഉണ്ട്. മൊത്തത്തില്‍ കാണുമ്പോള്‍ ഒരു കിളി പറന്നുപോയോ എന്ന് സംശയമുണ്ട്. എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് സി.പി.ഐ.എമ്മിന് ബാലന്‍സ് നഷ്ടപ്പെടുന്നുണ്ട്. ഭീതി, വെപ്രാളം, പരിഭ്രമം അതിന്റെ അന്തിമഘട്ടമാണ് കിളി പറന്നുപോകുന്നത്. അതാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്,” വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: VD Satheesan says CPIM took the job from BJP to oust Rahul Gandhi from Wayanad