സമരത്തെ പൊലീസിനെ വെച്ച് അടിച്ചമര്‍ത്തും എന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്; പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: വി.ഡി. സതീശന്‍
Kerala News
സമരത്തെ പൊലീസിനെ വെച്ച് അടിച്ചമര്‍ത്തും എന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്; പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th March 2022, 12:52 pm

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സില്‍വര്‍ ലൈനിന് എതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന നൂറ് ജനകീയ സദസുകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇതുവരെ കാണാത്ത ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്നുവരുന്നതെന്നും പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജനകീയ ചെറുത്തുനില്‍പ്പുകള്‍ ആരംഭിച്ചതെന്നും വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അത്തരം പ്രതിരോധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തും എന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. എല്ലാ ക്രൂരതകളേയും ഈ സമരം അതിജീവിക്കും. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം കേരളത്തിലെ രാഷ്ട്രീയ സമര ചരിത്രത്തിലെ പുതിയ അധ്യായമാകും. യു.ഡി.എഫ് ജനകീയ സദസിന് എല്ലാ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണ അഭ്യര്‍ഥിക്കുന്നുതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് നടക്കുന്നുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

‘കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്‌ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നത്. എതിര്‍പ്പിന് വേണ്ടിയുള്ള എതിര്‍പ്പാണിത്, സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാം, കല്ല് വാരി കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാകുമോ,’ കോടിയേരി പരിഹസിച്ചു.

രാജ്യത്ത് ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്നും ബി.ജെ.പിക്ക് ബദലായി ഒരു സഖ്യമുണ്ടാക്കാനാണ് ഇടതുപാര്‍ട്ടികളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ അവര്‍ക്ക് ബി.ജെ.പിയുടെയോ എസ്.ഡി.പി.ഐയുടെ പരിപാടിയില്‍ പോകാന്‍ തടസമില്ല. അതൊരു പുതിയ സഖ്യമാണ്, അങ്ങനെയുള്ള അവരെങ്ങനെ ബി.ജെ.പിയെ നേരിടുമെന്നും കോടിയേരി ചോദിച്ചു.


Content Highlights: VD Satheesan says about K Rail Protest