തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജയില്‍മോചിതനാവുന്നതിന് വേണ്ടി വി.ഡി. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചത് ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു രാജ്‌നാഥ് സിംഗ് പറഞ്ഞത്.
അസത്യങ്ങള്‍ ‘ആള്‍ട്ടര്‍നേറ്റീവ് ഫാക്ട്‌സ്’ ആയി അവതരിപ്പിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അസത്യങ്ങള്‍ സത്യമെന്ന രീതിയിലും വിശ്വാസയോഗ്യമായും പ്രചരിക്കപ്പെടണം എന്നതാണ് ഇത്തരം നുണ പ്രസ്താവനകളുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മഹാത്മാ ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരുന്നതിന് മുന്‍പാണ് സവര്‍ക്കര്‍ കാലാപാനിയില്‍ നിന്ന് മോചനം തേടി ആദ്യമാപ്പപേക്ഷ നല്‍കിയത് എന്നത് വിസ്മരിക്കപ്പെടണം, പിന്നീട് അഞ്ചു തവണകൂടി അദ്ദേഹം മാപ്പപേക്ഷിച്ചു എന്ന കാര്യവും വിസ്മരിക്കപ്പെടണം, മോചിതനായ സവര്‍ക്കര്‍ പിന്നീട് തന്റെ ജീവിതത്തിലൊരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടില്ല എന്നത് വിസ്മരിക്കപ്പെടണം, അവസാനം മഹാത്മാ ഗാന്ധിയുടെ കൊല ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയതും സൗകര്യങ്ങള്‍ ഒരുക്കിയതും സവര്‍ക്കറാണെന്നും വിസ്മരിക്കപ്പെടണം എന്നതാണ് രാജ്‌നാഥ് സിംഗിന്റെ ഈ പ്രസ്താവനയുടെ ലക്ഷ്യം,’ സതീശന്‍ പറഞ്ഞു.
സവര്‍ക്കര്‍ ബ്രട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം പച്ചക്കള്ളമാണെന്ന് ചരിത്രകാരന്‍മാരടക്കം തെളിവു സഹിതം വ്യക്തമാക്കിയിരുന്നു.
സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയത് 1911ലും 1913ലുമാണെന്നും എന്നാല്‍ മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചു വന്നതും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായതും 1915ലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.
തീവ്ര വലത് രാഷ്ട്രീയം ഉണ്ടാക്കുന്ന വൈകാരികതയില്‍ ചരിത്രബോധമില്ലാത്ത ഒരു വിഭാഗം ജനതയ്ക്ക് സത്യമെന്ന് തോന്നുന്ന ഒരു നരേറ്റീവ് നിര്‍മ്മിക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യം. പറയുന്ന കാര്യങ്ങള്‍ മണ്ടത്തരമാണെന്ന് അറിയാതെയുള്ള പ്രസ്താവനകളല്ല ഇതെന്നും, നാളെകളിലെ ചര്‍ച്ചകള്‍ ബോധപൂര്‍വം വഴി തിരിച്ചു വിടാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും സതീശന്‍ പറഞ്ഞു.
എത്രമാത്രം വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാന്‍ കഴിയാത്തതും ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നതുമാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതല്‍ ഉച്ചത്തില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യുമെന്നും സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സവര്‍ക്കറെ പുകഴ്ത്തിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.
രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്നാഥ് പറഞ്ഞു.
ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍, എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു രാജ്നാഥ് സിംഗിന്റെ പരാമര്‍ശം.
സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും മാര്‍ക്‌സിന്റെയും ലെനിന്റെയും ആശയങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ അദ്ദേഹത്തെ ഫാസിസ്റ്റായി അദ്ദേഹത്തെ ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും, എന്നാല്‍ സവര്‍ക്കര്‍ യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നെന്നും രാജ്നാഥ് സിംഗ് അവകാശപ്പെട്ടു.
ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനായിരുന്ന സവര്‍ക്കര്‍ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നുവെന്നും രാജ്നാഥ് സിംഗ് അവകാശപ്പെട്ടു. സവര്‍ക്കറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.