തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്താനുള്ള ക്ഷണം നിരസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്ഷണം നിരസിച്ചുവെന്ന് ഔദ്യോഗിക കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായി വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അവഗണ മാത്രമല്ല സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. അതില്‍ ഒരു വിഷയം മാത്രമാണ് കേന്ദ്രത്തിന്റെ അവഗണനയെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാവരുടെയും സമ്മതത്തോടെയാണ് പ്രതിപക്ഷം ഈ തീരുമാനത്തിലെത്തിയതെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും സര്‍ക്കാരിന്റെ കെണിയില്‍ പ്രതിപക്ഷം വീഴരുതെന്നും ക്ഷണം സ്വീകരിക്കരുതെന്നുമാണ് പറഞ്ഞതെന്നും വി.ഡി. പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ നിലപാടിന് യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണയില്ലെന്ന് എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമരം ദല്‍ഹിയില്‍ വെച്ച് ഫെബ്രുവരി എട്ടിന് നടക്കും. ദല്‍ഹിയിലെ ജന്തര്‍ മന്ത്രില്‍ വെച്ച സംഘടിപ്പിക്കുന്ന സമരത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലെ മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും.
സമര ദിനത്തില്‍ ബൂത്തടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപടുകളെ കുറിച്ചും നയങ്ങളെ കുറിച്ചും പ്രചാരണം നടത്തുമെന്നും ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുമെന്നും എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചിരുന്നു.
കേന്ദ്രത്തിനെതിരെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അറിയിക്കാനുള്ള നടപടി കേരള മുഖ്യമന്ത്രി ആരംഭിച്ചിട്ടുണ്ടെന്ന് എല്‍.ഡി.എഫ് നേതൃത്വം പറഞ്ഞിരുന്നു. കേരളത്തിന്റെ പ്രശ്നം എല്ലാവരും മനസിലാക്കുന്നതാണ് നല്ലതെന്നും അതില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്‍.ഡി.എഫ് വ്യക്തമാക്കിയിരുന്നു.
Content Highlight: VD Satheesan said that the opposition will not participate in the protest against the financial neglect of the Central Government