തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങളിലെ വിശ്വാസ്യത എത്രയുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിഷയം കോണ്‍ഗ്രസ് ആഘോഷമാക്കുന്നില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിന്റെ വിശ്വാസ്യത എത്രയുണ്ടെന്ന് എനിക്ക് അറിയില്ല. കാരണം മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളെ ആശ്രയിച്ച് പ്രതികരണം നടത്തുമ്പോള്‍ അത് ശരിയാണോയെന്ന് അറിയില്ല. ശരിയാണെങ്കില്‍ അത് ഗുരുതരമായ ആരോപണങ്ങളാണ്.
സംഭവം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയാണ് പറയേണ്ടത് എന്താണ് സംഭവമെന്ന്. എന്നിട്ട് ഞങ്ങള്‍ പറയാം. ഇത്തരം ആളുകള്‍ പറയുന്നത് എടുത്ത് ഞങ്ങള്‍ ആഘോഷിച്ചിട്ടില്ല. ഒരു വിഷയം വരുമ്പോള്‍ അന്വേഷണം നടത്തണം. വിഷയത്തില്‍ മുഖ്യമന്ത്രിയോ സി.പി.ഐ.എം നേതാക്കളോ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ ഗൂഢാലോചനയെന്നത് സ്ഥിരം സാധനമാണ്. മുഖ്യമന്ത്രി പ്രതികരിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതൊന്നും എടുത്ത് ഞങ്ങള്‍ ആഘോഷിക്കുന്നില്ല.
എന്തുകൊണ്ടാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതിന്‍മേല്‍ നിയമനടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നില്ല എന്നതാണ് ഞങ്ങളുടെ ചോദ്യം. സെഷന്‍സ് 340-1 അനുസരിച്ച് മുഖ്യമന്ത്രിക്ക് ഇതേ കോടതിയില്‍ പരാതി നല്‍കാം. ഈ മൊഴി കളവാണെന്ന് തെളിയിച്ചാല്‍ 193ാം വകുപ്പ് അനുസരിച്ച് അവരെ ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിക്കാം. പക്ഷെ ഇതുവരെ അനങ്ങിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
ഈ സ്റ്റേറ്റ്മെന്റ് കുറ്റസമ്മത മൊഴി അല്ല. ഇത് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച ശേഷം കോടതി എടുക്കുന്ന തെളിവാണ്. ഈ മൊഴിയില്‍ കള്ളം പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കാം. ഏഴ് വര്‍ഷത്തേക്ക് ശിക്ഷിക്കാം. രണ്ട് സെഷന്‍സ് കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പറഞ്ഞ് കേസ് കൊടുക്കാം. അവിടെയും സത്യമില്ലെന്ന് തെളിയിക്കേണ്ടി വരും. ഈ രണ്ട് കാര്യങ്ങളും ചെയ്യുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി.
CONTENT HIGHLIGHTS: VD Satheesan said that he does not know the credibility of the information in the affidavit of Swapna Suresh regarding the gold smuggling case