Advertisement
Kerala News
ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല; ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനം അസഹിഷ്ണുത: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 30, 06:43 am
Wednesday, 30th March 2022, 12:13 pm

തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു പ്രതിപക്ഷ നേതാവ് ഐ.എന്‍.ടി.യു.സി നിലപാടുകളെയും തൊഴിലാളി സമരത്തെയും തള്ളിപ്പറഞ്ഞത്.

”ഞങ്ങള്‍ സാധാരണ ബന്ദിനെയും ഹര്‍ത്താലിനെയും എതിര്‍ക്കുന്നവരാണ്. ഈ പണിമുടക്കിന് മുമ്പ് അങ്ങനെ ഒരു നിലപാട് സ്വീകരിക്കാതിരുന്നതിന്റെ കാരണം, പണിമുടക്കുകള്‍ക്കെതിരായ നടപടി ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല എന്നതാണ്.

ദൗര്‍ഭാഗ്യവശാല്‍ ഈ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയിരിക്കുകയാണ്. എവിടെയാണ് മനുഷ്യന്റെ മൗലീകാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്, എവിടെയാണ് വ്യക്തിക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്, അത്തരം സമരങ്ങള്‍ക്ക് പൂര്‍ണമായി എതിരായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരം വേണ്ട.

പണിമുടക്ക് സമരം എന്നാല്‍ ഇഷ്ടമുള്ളവര്‍ പണി മുടക്കുക. ഇഷ്ടമില്ലാത്തവര്‍ പണി മുടക്കണ്ട. ആരെയും നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ പണി മുടക്കിക്കുന്ന ഏത് നിലപാടിനോടും എനിക്ക് യോജിപ്പില്ല.

ബന്ധപ്പെട്ടവര്‍ക്ക് അത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും,” വി.ഡി. സതീശന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ഓഫീസിലേക്ക് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തെക്കുറിച്ചും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

”ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനം അസഹിഷ്ണുതയാണ്. മാധ്യമങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കുന്നുണ്ട്. നമുക്ക് അനുകൂലമായാണോ വാര്‍ത്ത വരുന്നത്.


എന്തെല്ലാം വിമര്‍ശനങ്ങള്‍ ഞങ്ങള്‍ക്ക് എതിരായുണ്ട്.

കേരളത്തിലെ ഒരു ചാനല്‍ നാല് ദിവസം തുടര്‍ച്ചയായി, ഞാന്‍ പ്രതിപക്ഷ നേതാവായി രണ്ട് മാസം തികയുന്നതിന് മുമ്പ് എന്നെക്കുറിച്ച് നിരന്തരമായി അധിക്ഷേപം ചൊരിഞ്ഞു.

എല്ലാ പ്രാവശ്യവും കൂടുതല്‍ ഭൂരിപക്ഷം നേടി നിയമസഭയിലെത്തിയ എന്നെക്കുറിച്ച്, ഞാന്‍ 10 പേരുടെ പോലും പിന്തുണ ഇല്ലാത്ത ആളാണെന്ന് ആ ചാനലിലെ ആങ്കര്‍ പറഞ്ഞു.

ഞാന്‍ അതിന്റെ മാനേജ്‌മെന്റിനെ വിളിച്ച് പോലും പരാതി പറഞ്ഞില്ല. കാരണം അവര്‍ക്ക് അത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് കേള്‍ക്കുന്നത് ജനങ്ങളാണ്. ശരിയാണോ അല്ലേ എന്ന് ജനങ്ങള്‍ വിലയിരുത്തും.

ചാനലിലോ മാധ്യമങ്ങളിലോ നമുക്കെതിരായി വാര്‍ത്ത വന്നാല്‍ അതിന്റെ ഭാഗമായി ചാനലിന്റെ മുന്നിലേക്ക് സമരം നടത്തുന്നതിനോട് യോജിക്കാനാവില്ല,” സതീശന്‍ പറഞ്ഞു.

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല, എന്നായിരുന്നു ഏഷ്യാനെറ്റിന്റെ ഓഫീസിലേക്കുള്ള മാര്‍ച്ച് ഐ.എന്‍.ടി.യു.സിയും പ്രഖ്യാപിച്ചിട്ടുണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സതീശന്‍ പറഞ്ഞത്.

”ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ആളുകളുടെ സംഘടനയാണ്. ഞങ്ങള്‍ അവരുമായി അത് സംസാരിക്കും. ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ചന്ദ്രശേഖറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ല. കിട്ടിയിരുന്നെങ്കില്‍ ഇക്കാര്യം പറയുമായിരുന്നു.

നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. ഞാനും യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസും ഇതിനെ പല പ്രാവശ്യം എതിര്‍ത്തിട്ടുണ്ട്. ഒറ്റയടിക്ക് ഇത് മാറില്ല. ഇതിനെതിരെ ഒരു ട്രെന്‍ഡ് ഉണ്ടാക്കുകയാണ്.

ഒരു ദേശീയ പ്രശ്‌നം ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരാനാണ് പണിമുടക്ക്. എന്നാല്‍ അതിപ്പോള്‍ കേരളത്തില്‍ മാത്രമായി മാറിയിരിക്കുകയാണ്. റോഡില്‍ ഇറങ്ങുന്നവന്റെ കരണത്തടിക്കാനും തലയില്‍ തുപ്പാനും വണ്ടിയില്‍ നിന്ന് ഇറക്കി വിടാനും ആര്‍ക്കും സ്വാതന്ത്ര്യമില്ല. ഇനി ഇത്തരം പണിമുടക്കുകള്‍ വന്നാല്‍ കൃത്യമായ കാര്യങ്ങള്‍ ഐ.എന്‍.ടി.യു.സിയെ അറിയിക്കും,” പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Content Highlight: VD Satheesan said INTUC is not a subsidiary affiliation of Congress