സങ്കടമുണ്ടാക്കുന്ന കാര്യം ആദ്യം പറയാം, കേരളത്തില്‍ വിദ്വേഷ വീഡിയോകള്‍ സ്ഥിരമായി കാണുന്ന ഒരു ലക്ഷം പേരോളമുണ്ട്. ഇനി സന്തോഷമുണ്ടാക്കുന്ന കാര്യം പറയാം, കേരളത്തില്‍ വിദ്വേഷ വീഡിയോകള്‍ സ്ഥിരമായി കാണുന്ന ഒരു ലക്ഷം പേരേയുള്ളൂ. മൂന്നര കോടിയില്‍ ഒരു ലക്ഷം പേര്‍. 350 ല്‍ ഒരാള്‍ക്ക് ഇങ്ങനെയൊരു ചീത്ത സ്വഭാവമുണ്ട് എന്നതാണോ 349 പേര്‍ക്ക് അങ്ങനെയൊരു ചീത്ത സ്വഭാവമില്ല എന്നതാണോ വാര്‍ത്ത എന്നതില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകും. രണ്ടു കൂട്ടരോടും യോജിക്കുന്നു.
ജോലിയുടെ ഭാഗമായി കിട്ടുന്ന ചില ഡാറ്റകള്‍ വച്ചാണ് ഈ കണക്കുകൂട്ടല്‍. കേരളത്തില്‍ ആദ്യത്തെ അഞ്ചു വിദ്വേഷ ചാനലുകളുടെ മൊത്തം വ്യൂവര്‍ഷിപ്പ് സാധാരണ ദിവസങ്ങളില്‍ ഒരു ലക്ഷത്തിലും വളരെ താഴെയാണ്, യൂട്യൂബും ഫേസ്ബുക്കും വാട്‌സാപ്പിലൂടെയുള്ള ലിങ്ക് ഷെയറിങ്ങും അടക്കം. അപൂര്‍വം ദിവസങ്ങളില്‍, ഡോഗ് വിസ്റ്റലിങ് കാര്യമായി നടത്തുന്ന ദിവസങ്ങളില്‍, ഇത് സ്പൈക് ചെയ്തു രണ്ടു ലക്ഷം വരെയെത്തും, അതിന് പക്ഷെ സ്റ്റാറ്റിറ്റിക്‌സില്‍ പ്രാധ്യാന്യമില്ല.
ഈ ഡാറ്റക്കടിയിലുള്ള മറ്റൊരു ഡാറ്റ ഇതാണ് – ഇത്തരം വീഡിയോ സ്ഥിരമായി കാണുന്നവരില്‍ എണ്‍പത് ശതമാനത്തിന് മുകളില്‍ അന്‍പത് വയസ്സ് കഴിഞ്ഞ ആണുങ്ങളാണ്.
മറ്റൊരു ഡാറ്റ, ഒന്നാം സ്ഥാനത്തുള്ള വിദ്വേഷ ചാനലിനാണ് തൊണ്ണൂറു ശതമാനത്തിന് മുകളില്‍ റേറ്റിംഗ്. മറ്റുള്ളവര്‍ക്ക് തുച്ഛമാണ്, അഞ്ഞൂറ്, ആയിരം മുതല്‍ അയ്യായിരം വരെയാണ് പരമാവധി. ചിലരൊക്കെ ആഴ്ചയിലാണ് വീഡിയോ ഇറക്കുന്നത്. വിഡിയോകള്‍ കട്ട് ചെയ്തു മാറ്റി വാട്‌സപ്പിലൂടെ ഷെയര്‍ ചെയ്യുന്നതിന്റെ കണക്ക് ലഭിക്കുക എന്നത് പ്രായോഗികമല്ല. അഞ്ചാറു കൊല്ലം മുമ്പ് ഫാമിലി, റസിഡന്റ് ഗ്രൂപുകളില്‍ ഇത്തരം വിഡിയോകള്‍ ഷെയര്‍ ചെയ്തിരുന്ന അമ്മാവന്മാര്‍ ഇപ്പോഴത് ചെയ്യുന്നില്ല, ചെയ്യാനാഗ്രമില്ലാഞ്ഞിട്ടല്ല, കുട്ടികള്‍ക്കിടയില്‍ പരിഹാസ്യരാവുന്നതാണ് കാരണം. ഏതായാലും വാട്‌സാപ്പ് ഫോര്‍വേഡ് ചെയ്യുന്നവരുടെ എണ്ണം പോലും പേടിക്കേണ്ട നിലയിലല്ല.
ഇത്ര കുറഞ്ഞ പ്രേക്ഷകര്‍ മാത്രമുള്ളവയായിട്ടും ഈ വിദ്വേഷ ചാനലുകള്‍ നില നില്‍ക്കുന്നതിലും പുതിയവ ഉണ്ടാകുന്നതിനും ഒരു കാരണമുണ്ട് – ഫിക്‌സഡ് ഡെപ്പോസിറ്റ്. ഒരു ലക്ഷം എന്നാല്‍ അത് ഗ്യാരണ്ടി ആണ്. വേറൊരു വിഭാഗത്തിലും ഇങ്ങനെ സ്ഥിരമായ വ്യൂവര്‍ഷിപ്പ് ഗ്യാരണ്ടി ഇല്ല, കാഴ്ചക്കാര്‍ വരും പോകും, അഡിക്ഷന്‍ ഇല്ല. വിദ്വേഷ വിഭാഗത്തില്‍ അത്തരം ഒന്നോ രണ്ടോ വീഡിയോ കണ്ടില്ലെങ്കില്‍ ഉറക്കം വരില്ലാത്തവരാണ് മിക്കവരും, അവര്‍ ഇതെവിടുന്നെങ്കിലും തപ്പിയെടുത്തു കാണും. അത് കൊണ്ട് തന്നെ ചാനലുകള്‍ക്ക് സ്ഥിര വരുമാനമുണ്ടാകും. സ്ഥിര വരുമാനം എന്നത് യൂട്യൂബ് കൊടുക്കുന്ന പണം മാത്രമല്ല, രാഷ്ട്രീയക്കാര്‍ കൊടുക്കുന്നത്, വ്യവസായികള്‍ കൊടുക്കുന്നത്, ചില പ്രത്യേക താല്‍പര്യക്കാര്‍ കൊടുക്കുന്നത്, ബ്ലാക്മെയ്ല്‍ ചെയ്തു വാങ്ങുന്നത് ഇങ്ങനെയൊക്കെയാണ്.
വ്യൂവര്‍ഷിപ്പിനനുസരിച്ചാണ് യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബില്‍ നിന്ന് പണം കിട്ടുന്നത് എന്നതാണ് മിക്കവരുടെയും ധാരണ. സത്യത്തില്‍, മറ്റു വിഭാഗങ്ങളിലുള്ള ചാനലുകളെ അപേക്ഷിച്ചു വിദ്വേഷ ചാനലുകള്‍ക്ക് യൂട്യൂബ് കൊടുക്കുന്ന പണം തുലോം തുച്ഛമാണ്. യൂട്യൂബ് അല്‍ഗോരിതം പ്രകാരം വാങ്ങല്‍ ശേഷിയും വാങ്ങാനുള്ള ആഗ്രഹവും ഉള്ളവര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും അത് പ്രകാരം വരുമാനം വരുന്നതും. ലോകമെങ്ങും വിദ്വേഷ വീഡിയോകള്‍ കാണുന്നവരില്‍ മിക്കവരും പ്രായമുള്ളവരും റിട്ടയര്‍ ചെയ്തവരും ആയതു കൊണ്ട് പരസ്യ വരുമാനത്തില്‍ ഏറ്റവും കുറവുള്ള വിഭാഗത്തിലാണ് ഇവ വരുന്നത്.
ഫിനാന്‍ഷ്യല്‍, സ്റ്റോക്ക്, ടെക്‌നോളജി, ഫാഷന്‍, സിനിമ, ആര്‍ട്, കുക്കിംഗ്, ടീച്ചിങ് ഒക്കെ കഴിഞ്ഞു ഏറ്റവും താഴെ. കൂടാതെ മിക്ക കമ്പനികള്‍ക്കും വിദ്വേഷ വിഭാഗങ്ങളില്‍ പരസ്യം ചെയ്യുന്നതിന് വിലക്കുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ഇത്തരം ചാനലുകള്‍ യൂട്യൂബ് വരുമാനം കൊണ്ടാണ് നിലനിന്നു പോകുന്നത് എന്ന് ചിന്തിക്കുന്നതിനേക്കാള്‍ വലിയ വിഡ്ഢിത്തമില്ല. ഒരാള്‍ തന്നെ സെല്‍ഫി മോഡില്‍ വിദ്വേഷ പ്രസംഗം സ്വയം റെക്കോര്‍ഡ് യൂട്യൂബിലിട്ടാല്‍ ചിലപ്പോള്‍ പോക്കറ്റ് മണി കിട്ടിയേക്കാം, സ്ഥാപനം നടത്താന്‍ പണം വേറെ കാണണം.
കേരളത്തില്‍ വിദ്വേഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന ചാനലുകള്‍ ഒഴിച്ച് വേറെയാര്‍ക്കും യൂട്യൂബില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് കരുതുന്നില്ല. വരുമാനം വരുന്നത് മറ്റു രീതികളിലാണ്.
ഇവര്‍ക്ക് പണം കൊടുക്കുന്നത് സംഘപരിവാര്‍ ആണെന്നതാണ് പൊതു വിശ്വാസം. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകുന്നത് സംഘപരിവാറിന് നേട്ടമാകും എന്നതാണ് ആ വിശ്വസത്തിന്റെ കാരണം. കുറ്റകൃത്യം ചെയ്തയാളെ മനസ്സിലാക്കാന്‍ ആ കുറ്റകൃത്യം കൊണ്ട് ആര്‍ക്കാണ് നേട്ടം എന്ന് നോക്കുന്ന പൊലീസ് രീതി. ക്രിസംഘികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ചാനലുകളും ആവശ്യത്തിനുണ്ട്. പക്ഷെ സംഘപരിവാറുകാര്‍ വിശ്വസിക്കുന്നതും വ്യാപകമായി പ്രചരിപ്പിക്കുന്നതുമായ ഒരു തിയറി, വിദ്വേഷ വിഭാഗത്തിലെ ഒന്നാമത്തെ ചാനല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് കോണ്‍ഗ്രെസ്സുകാരാണ് എന്നതാണ്. അവരുടെ തിയറി പ്രകാരം നിരന്തരമായ പിണറായി വിദ്വേഷവും മുസ്‌ലിം വിദ്വേഷവും മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗം പ്രേക്ഷകരെ ഈ ചാനല്‍ ആരാധകരായി നിലനിര്‍ത്തും, എന്നിട്ട് ഇലക്ഷന്‍ വരുമ്പോള്‍ ഇവരുടെ മൊത്തം വോട്ട് കോണ്‍ഗ്രസിന് മറിക്കാനുള്ള പ്രചാരണം നടത്തും. ഈ തിയറി പക്ഷെ സംഘികള്‍ പറയുന്നതായത് കൊണ്ട് മിക്കവരും വിശ്വസിക്കില്ല.
മനുഷ്യ വികാരങ്ങളെ, അത് നല്ലതായാലും ചീത്തയായാലും വിറ്റു പണമുണ്ടാക്കാന്‍ ക്യാപിറ്റലിസം അനുവദിക്കുന്നുണ്ട്. ഒളിഞ്ഞു നോട്ടം, പരദൂഷണം, അസൂയ, അന്യ വിദ്വേഷം തുടങ്ങിയവ പൊതുവെ ചീത്ത വികാരങ്ങളായും . കാരുണ്യം, ദയ, നാണം, അറിവ് നേടാനുള്ള ആഗ്രഹം, കലാസ്വാദനം തുടങ്ങിയവ നല്ലതെന്നും കരുതപ്പെടുന്നു. വേറെയും ഒരുപാടുണ്ട്, പക്ഷെ ഈ ചര്‍ച്ചയില്‍ പ്രസക്തമല്ല. ആര്‍ട്, സിനിമ, ന്യൂസ് ഒക്കെ മനുഷ്യന്റെ നല്ല വികാരങ്ങളെ ലക്ഷ്യം വെക്കുമ്പോള്‍ അതേ ആര്‍ട്ടും സിനിമയും ന്യൂസും അഥമ വികാരങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിക്കാം.
പത്തു മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സിനിമകളില്‍ കുളിസീന്‍ എന്ന ഒരു ഐറ്റം ഉണ്ടാകാറുണ്ടായിരുന്നു, പെണ്ണുങ്ങള്‍ കുളിക്കുന്നത് ഒളിഞ്ഞു നോക്കാനുള്ള ചില ആണുങ്ങളുടെ അഥമ വികാരം മുതലെടുത്തു പണമുണ്ടാക്കാനുള്ള ചില സിനിമാക്കാരുടെ സമര്‍ഥ്യമായിരുന്നു അത്. ആളുകളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി കഥകളെഴുതുന്ന സായാഹ്ന പത്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. അതെ പോലെ തന്നെ അന്യ വിദ്വേഷം പ്രസിദ്ധീകരിച്ചു പണമുണ്ടാക്കുന്നവരും എല്ലാ കാലത്തുമുണ്ടായിരുന്നു. ഇക്കാലത്ത് ടെക്‌നോളോജി വളര്‍ന്നത് കൊണ്ട് അവരൊക്കെ ഓണ്‍ലൈനിലേക്ക് മാറി അവിടുന്നു പണമുണ്ടാക്കുന്നു എന്ന് മാത്രം.
യൂട്യൂബ് ചാനലുകാര്‍ മാത്രമല്ല ഇങ്ങനെ പണമുണ്ടാക്കുന്നത്. മാന്യന്മാരായി സാധാരണ ജീവിതം ജീവിച്ച പലരും വെറുപ്പ് വിറ്റു കാശാക്കുന്ന പരിപാടി എല്ലാമേഖലയിലും തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, വളരെ ലിബറലായ ആശയങ്ങളുമായി നന്നായി ഇംഗ്ലീഷ് കോളങ്ങള്‍ എഴുതുന്ന ഒരു കോളമിസ്റ്റ് ആയിരുന്നു ആനന്ദ് രംഗനാഥന്‍, ബാബരി മസ്ജിദ് പുനര്‌നിര്മിച്ചു കൊടുത്തു മുസ്ലിംകളോട് മാപ്പു പറയണം എന്നൊക്കെയായിരുന്നു അന്നൊക്കെ അദ്ദേഹത്തിന്റെ നിലപാട്. 2014 ന് ശേഷം പെട്ടെന്ന് ട്രാക്ക് മാറ്റി. ഇപ്പോള്‍ റൈറ്റ് വിങ് ഇന്‍ഫ്‌ലുന്‍സര്‍ എന്ന പേരില്‍ വിദ്വേഷ പ്രചാരണ സാഹിത്യങ്ങളും പ്രഭാഷണങ്ങളും നടത്തി കാശുണ്ടാക്കുകയാണ് കക്ഷി.
ഈയടുത്ത് തിരുവന്തപുരത്ത് പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയ പരിപാടിയില്‍ അദ്ദേഹവും ഉണ്ടായിരുന്നു. തന്നില്‍ വന്ന മാറ്റത്തെ പറ്റി ചോദിച്ചാല്‍ ആനന്ദ് രംഗനാഥന്‍ ഒരു പുഞ്ചിരിയോടെ പറയും, ഇപ്പൊ കാശുണ്ടാക്കിയില്ലെങ്കില്‍ പിന്നെ എപ്പോഴാണ്? . വിവേക് അഗ്‌നിഹോത്രിയും അലി അക്ബറുമൊക്കെ ഇതേ ലൈനിലാണ്. അടുത്ത കാലം വരെ പ്രത്യേകിച്ച് ഐഡിയോളോജികള്‍ ഒന്നും ഇല്ലാതെ ബി-ഗ്രേഡ് സിനിമകള്‍ എടുത്തു നടന്നവരാണ് പെട്ടെന്ന് ബോധോദയമുണ്ടായി വിദ്വേഷ സിനിമകള്‍ എടുക്കുന്നത്.
കേരള സ്റ്റോറി ഡയറക്ടര്‍ സുദിപ്‌തോ സെന്‍ ആണ് ഇക്കൂട്ടത്തിലെ കേമന്‍. ഒരു ബി-ഗ്രേഡ് സിനിമ പോലും ചെയ്യാതെ ആരും കാണാത്ത ചില ഡോക്യൂമെന്ററികള്‍ എടുത്തു കടം കയറി കുത്തുപാളയെടുത്തു നടന്ന സുദിപ്‌തോ സെന്നിന് വിവേക് അഗ്‌നിഹോത്രി കശ്മിര്‍ ഫയല്‍സ് എടുത്ത് കാശുണ്ടാക്കിയത് കണ്ടാണ് ഇതേ മാര്‍ഗം തനിക്കും പറ്റില്ലേ എന്ന് തോന്നുന്നത്. അന്യമത വിദ്വേഷം മാത്രം വച്ച് സിനിമയെടുക്കുന്നതിനേക്കാള്‍ നല്ലത് അതിന്റെ കൂടെ കുറച്ചു അന്യദേശ വിദ്വേഷവും കൂടെ ചേര്‍ക്കാമെന്ന് തീരുമാനിച്ചാണ് അദ്ദേഹം കേരള സ്റ്റോറി എടുക്കുന്നത്. ആ തല്ലിപ്പൊളി സിനിമ വച്ച് ഉത്തരേന്ത്യക്കാരെ പറ്റിച്ചു നൂറു കോടി ഉണ്ടാക്കിയിരിക്കുകയാണ് ( ഇതെഴുതുമ്പോള്‍) സുദിപ്‌തോ സെന്‍. നിര്‍മാണത്തിനുള്ള ചിലവ് പ്രൊപോഗണ്ടക്കും വര്‍ഗീയ ധ്രുവീകരണത്തിനും വേണ്ടി സംഘപരിവാര്‍ കൊടുക്കുന്നതാണെന്ന് കണക്കാക്കിയാല്‍ കിട്ടുന്ന കളക്ഷന്‍ മുഴുവന്‍ ലാഭമാണ് ഇത്തരം സിനിമാക്കാര്‍ക്ക്.
ഇതേ ട്രാക്കില്‍ വേറെയും സിനിമകള്‍ ഇറങ്ങുന്നുണ്ട്, ഡല്‍ഹി ഫയല്‍സ്, തമിള്‍ ഫയല്‍സ്, പഞ്ചാബ് ഫയല്‍സ് ഒക്കെ. പഞ്ചാബ്, ഹരിയാന, യൂപി യിലൊക്കെ ഇപ്പോള്‍ ഇറങ്ങുന്ന വിദ്വേഷ മ്യൂസിക് ആല്‍ബങ്ങളെ പറ്റി അല്‍-ജസീറ ഈയടുത്തൊരു പ്രോഗ്രാം ചെയ്തിരുന്നു. ആരെയെങ്കിലുമൊക്കെ ദുഷിച്ചു പാടുന്ന പരദൂഷണ പാട്ടുകളാണ് ഈ ആല്‍ബങ്ങളില്‍. ആദ്യമൊക്കെ മുസ്‌ലിംകളായിരുന്നു ലക്ഷ്യം എങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. പഞ്ചാബില്‍ ഇറങ്ങുന്ന ആല്‍ബങ്ങളില്‍ മിക്കതിലും ഹിന്ദുക്കളാണ് ലക്ഷ്യം, ഹരിയാനയില്‍ ജാതി തിരിച്ചാണ് വിദ്വേഷവീഡിയോകള്‍ എങ്കില്‍ യു.പിയില്‍ താക്കൂര്‍ വീഡിയോകളാണ് പ്രധാനം.
തോക്കും ഗ്രനേഡുമൊക്കെ കാണിച്ചു മറ്റു ജാതിക്കാരെ വെല്ലുവിളിച്ചാണ് ഇവരുടെ വീഡിയോക്ക് കാഴ്ചക്കാരെ കൂട്ടുന്നത്. ബ്രാഹ്മണ വിരോധമാണ് ഡിമാന്റുള്ള മറ്റൊരു ബ്രാന്‍ഡ്. ട്വിട്ടെരിലൊക്കെ ദിവസങ്ങളോളം ബ്രാഹ്മണ വിരോധം ട്രെന്‍ഡ് ചെയ്യുന്നത് കാണാം. മുസ്‌ലിം വിദ്വേഷം കഞ്ചാവ് പോലെ സുലഭവും വിലകുറഞ്ഞതും ആണെങ്കില്‍ എം.ഡി.എം. ആണ് ഇപ്പറഞ്ഞതൊക്കെ.
മണിപ്പൂരില്‍ ഈയടുത്തു നടന്ന കലാപങ്ങളിലും ബിഹാറിലും യു.പിയിലും അഗ്‌നിപഥ് സമരക്കാലത്ത് നടന്ന അക്രമങ്ങളിലും ഇന്ധനമായത് ഇത്തരം വീഡിയോകളാണ്.
നമ്മള്‍ തുടങ്ങിയത് തുച്ഛമായ ശതമാനം ആളുകള്‍ മാത്രമേ വിദ്വേഷ വീഡിയോകളുടെ അഡിക്ടുകളായിട്ടുള്ളൂ എന്നും അവരില്‍ തന്നെ മിക്കവാറും പ്രായമായ ആണുങ്ങളാണ് എന്നും പറഞ്ഞാണ്. അപ്പൊ പിന്നെ എന്താണ് പ്രശ്‌നം എന്നതായിരിക്കും സാധാരണ ഉയരേണ്ട ചോദ്യം. പോണ്‍ വീഡിയോകള്‍ സ്ഥിരമായി കാണുന്നവരുണ്ട്, ഓണ്‍ലൈന്‍ ഗാംബ്ലിങ് ചെയ്യുന്നവരുണ്ട്, പക്ഷെ വളരെ ചെറിയ ശതമാനമായത് കാരണം സമൂഹത്തിന് അവര്‍ ഒരു പ്രശ്‌നമായി തോന്നുന്നില്ല. പക്ഷെ ഒരു പരിധി വിട്ടാലോ. അതാണ് സമൂഹം എന്ന നിലയില്‍ നമ്മെ ആശങ്കപ്പെടുത്തേണ്ടത്. വിദ്വേഷ വീഡിയോ അഡിക്ഷന്‍ ഉള്ളവരുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ നമ്മള്‍ ജീവിക്കാന്‍ കൊള്ളാത്ത ഒരു സമൂഹമായി മാറും, വീട്ടിലും നാട്ടിലും സ്‌നേഹം, കരുണ, സഹാനുഭൂതിയൊക്കെ കുറയുകയും പകരം പരസ്പര വിദ്വേഷം, അസൂയ, പരദൂഷണം തുടങ്ങിയവ കൂടുകയും ചെയ്യും. ഒട്ടനവധി നാടുകളില്‍ അത് കാണുന്നതാണ്.
അതൊഴിവാക്കാന്‍ സമൂഹം എന്ന നിലയില്‍ നമ്മളെന്തു ചെയ്യും. മറ്റേതൊരു പ്രശനം പോലെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരിഹാരം ഇതിനുമില്ല. പലരും പലവഴി ശ്രമിക്കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ബിഹാറിലെ അന്യദേശ വിദ്വേഷ വീഡിയോകളിലൂടെ പണമുണ്ടാക്കുന്ന ഒരു യൂട്യൂബറെ എന്‍.എസ്.എ ചുമത്തി ജയിലിലിട്ടിരിക്കുകയാണ്. കേരളത്തില്‍ ലുലു ഗ്രൂപ്പും, ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളും പ്രിഥ്വിരാജൂം ഒരു യൂട്യൂബര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുത്തിരിക്കുകയാണ്.
അലി അക്ബറിന്റെ സിനിമയെ കേരളം പൂര്‍ണ അവഗണയിലൂടെയാണ് നേരിട്ടത്, അതെസമയം സുദിപ്‌തോ സെന്നിന്റെ വിദ്വേഷ സിനിമയെ അവഗണിക്കാതെ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയും.
പാശ്ചാത്യ രാജ്യങ്ങളില്‍ വിദ്വേഷത്തെ നേരിടാന്‍ പൊതുവെ സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്മാരാണ് മുന്നിട്ടിറങ്ങുന്നത്. വിദ്വേഷ വീഡിയോകള്‍ പ്രായമുള്ളവരെയും കോമഡികള്‍ ചെറുപ്പക്കാരെയും ലക്ഷ്യം വക്കുന്നത് കാരണം രണ്ടും കലരാതെ മുന്‍പോട്ട് പോകും. ഉത്തരേന്ത്യയിലും ഇപ്പോള്‍ ഒരു പാട് പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്മാര്‍ വിദ്വേഷക്കാരെ തുറന്നു കാട്ടുന്നുണ്ട്.
ഇതിലേതൊക്കെ വിജയിക്കും, പരാജയപ്പെടും എന്ന് തീരുമാനിക്കാറായിട്ടില്ല. ഒരു കാര്യം ഉറപ്പാണ്, കൊവിഡ്‌പോലെ ഇതിന്റെ വ്യാപനം നിയന്ത്രിക്കുക എന്നതല്ലാതെ പൂര്‍ണമായി ഇല്ലാതാക്കുക സാധ്യമല്ല. മറ്റേതൊരു ബിസിനസ്സും പോലെ ഡിമാന്‍ഡ് സപ്ലൈ തിയറി വച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസ് ആണ് ഇതും. നിരാശാ ബാധിതരും ഭൂതകാലം നോക്കിയിരിക്കുന്നവരുമായ കുറേപേര്‍ ഏതായാലും ഉണ്ടാവും, അത് കൊണ്ട് തന്നെ ഡിമാന്റും സപ്ലൈയും ഉണ്ടാകും.
സാധാരണക്കാരായ നമുക്ക് ഇക്കാര്യത്തില്‍ ഒന്നേ ചെയ്യാനുള്ളു – ടാബൂ. അതിന്റെ മലയാളമറിയാത്തത് കൊണ്ട് ഉദാഹരണം പറയാം. നമ്മള്‍ കുളിസീന്‍ സിനിമകളെ നേരിട്ട രീതി. ഒരു പാട് പേര്‍ സോഫ്റ്റ് പോണ്‍ സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്, ഒട്ടേറെ മലയാളികള്‍ അത് കണ്ടിട്ടുമുണ്ട്. പക്ഷെ നമ്മള്‍ അതിന്റെ കാര്യത്തില്‍ ഒരു ടാബൂ എന്നും നിലനിര്‍ത്തും. സാധാരണ തിയേറ്ററില്‍ അത്തരം സിനിമകള്‍ വരില്ല, വന്നാലും ഉച്ചപ്പടം എന്ന സ്ലോട്ടിലെ വരൂ, തലയില്‍ മുണ്ടിട്ടല്ലാതെ ആരും അത് കാണാന്‍ പോകില്ല, പോയാലും വീട്ടില്‍ പറയില്ല. അതിന്റെ ഡിറക്ടര്‍മാരെയും നടന്മാരെയൊന്നും നാട്ടിലെ പരിപാടികള്‍ക്കോന്നും ക്ഷണിക്കില്ല, ഇങ്ങനെയൊക്കെ.
വിദ്വേഷ വിഡിയോകളും ഇപ്പോള്‍ അങ്ങനെയാണ് നമ്മള്‍ നേരിടുന്നത്. ഒറ്റക്കിരിക്കുമ്പോഴേ കാണൂ, ആരെങ്കിലും അടുത്ത് വന്നാല്‍ അപ്പോള്‍ തന്നെ ഓഫ് ചെയ്യും, കണ്ട കാര്യം ആരോടും പറയില്ല, ബ്രൌസര്‍ ഹിസ്റ്ററി അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യും, വീട്ടിലിരുന്ന് കാണുന്നവര്‍ തന്നെ കുട്ടികള്‍ ഉറങ്ങിയ ശേഷമേ കാണൂ. ഇങ്ങനെയൊക്കെയാണ് വിദ്വേഷ കച്ചവടക്കാരും നമ്മളും തമ്മിലുള്ള സോഷ്യല്‍ കോണ്‍ട്രാക്ട് . അതങ്ങനെ തന്നെ പോകുന്നതാണ് എല്ലാവര്ക്കും നല്ലത്.
ഇക്കഴിഞ്ഞ റംസാനില്‍ വി.ഡി സതീശന്‍ എല്ലാ കൊല്ലത്തെയും പോലെ ഒരു ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖന്മാര്‍, മുഖ്യമന്ത്രിയും, കെ.പി.സി.സി പ്രസിഡന്റും, മന്ത്രിമാരും ഉള്‍പ്പടെയുള്ളവരായിരുന്നു അതിഥികള്‍. അപ്രതീക്ഷിതമായ ഒരു അതിഥിയുണ്ടായിരുന്നു ആ ഇഫ്താര്‍ സംഗമത്തില്‍ – കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള വിദ്വേഷ ചാനലിന്റെ ഉടമ.
നേരത്ത പറഞ്ഞത് പോലെ, സംഘപരിവാര്‍ ആരോപിക്കുന്നത് ഈ ചാനല്‍ കോണ്‍ഗ്രസുകാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് എന്നതാണ്. നിരന്തരമായി പിണറായിയേയും കുടുംബത്തെയും ആക്ഷേപിക്കുകയും പരമത വിദ്വേഷം പരത്തുകയും ഡോഗ് വിസ്ലിംഗ് നടത്തുകയും ചെയ്യുന്നത് മൂലം സമൂഹത്തില്‍ ഇതൊക്കെ ആസ്വദിക്കുന്ന ആളുകളെ ചാനലിന്റെ ആരാധകരായി നിര്‍ത്താമെന്നും തെരഞ്ഞെടുപ്പ് സമയത്ത് മൊത്തമായി കോണ്‍ഗ്രസിന് മറിക്കാമെന്നുമാണ് ഇത്തരം സ്‌പോണ്‍സര്ഷിപ്പിലൂടെ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത് എന്നതാണ് അവരുടെ വാദം. അത് ശരിയായാലും തെറ്റായാലും വി.ഡി. സതീശന്‍ ഈ ചാനലിന് തന്റെ അനുയായികള്‍ക്ക് മുമ്പില്‍ ഒരു ക്രെഡിബിലിറ്റി ഉണ്ടാക്കി കൊടുക്കുകയാണ് ഈ പ്രവര്‍ത്തിയിലൂടെ ചെയ്തത്. ഇത് നമ്മുടെ ചാനലാണ്, ഇത് കാണാന്‍ സമൂഹത്തിന്റെ ടാബൂ തടസ്സമാകരുത് എന്ന വ്യക്തമായ സന്ദേശം.
മൂലയില്‍ ചുമ്മാതിരിക്കുന്ന കോടാലിയെടുത്ത് സ്വന്തം കാല് വെട്ടുന്നത് കോണ്‍ഗ്രെസ്സുകാരെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല, അതില്‍ അത്ഭുതവുമില്ല.
content highlights: VD Satheesan’s relationship with controversial YouTubers