ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു അമിത് ഷായ്ക്ക് വി.ഡി സതീശന്റെ കത്ത്
Save Lakshadweep
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു അമിത് ഷായ്ക്ക് വി.ഡി സതീശന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th May 2021, 2:51 pm

തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങള്‍ ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് സതീശന്‍ പറഞ്ഞു.

‘കേരളവുമായി ഏറെ ബന്ധമുള്ള നാടാണ് ലക്ഷദ്വീപ്. ഒരു കാരണവശാലും സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല. ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും മുന്‍ എം.പിയുമായ ഹംദുള്ളാ സയീദുമായി ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ അന്വേഷിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ട്,’ വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം, ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കര്‍ എം.ബി രാജേഷിനും ഷാഫി കത്തയച്ചിട്ടുണ്ട്.

‘കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തണലില്‍ നടപ്പിലാക്കുന്ന സംഘപരിവാര്‍ അജണ്ടയ്ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയ്ക്ക് കേരള നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കണം’, ഷാഫി കത്തില്‍ ആവശ്യപ്പെട്ടു.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങള്‍ ഏറെ വേദനയുണ്ടാക്കുന്നതാണ്.ഇത് സംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എനിക്ക് ഏറെ ഹൃദയബന്ധമുള്ള നാടാണ് ലക്ഷദ്വീപ്. കഴിഞ്ഞ ഡിസംബറില്‍ എല്ലാ കീഴ്വഴക്കങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഗുജറാത്തിലെ ബി ജെ പി നേതാവിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത് സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാനാണ്.

നൂറു ശതമാനം മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവരുള്ള ദ്വീപ് സമൂഹത്തില്‍ ബീഫ് നിരോധനം ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസം ഈ അഡ്മിനിസ്‌ട്രേറ്റര്‍ എടുത്ത നടപടികളെല്ലാം അവിടുത്തെ ജനങ്ങളുടെ സമാധാന ജീവിതത്തെ ഇല്ലാതെയാക്കുന്നതാണ്.

ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചതുള്‍പ്പടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അവരുടെ പ്രതിഷേധത്തെ പോലും ഇല്ലാതെയാക്കുവാനുള്ള നടപടിയാണ് അവിടെ നടക്കുന്നത്. കളവോ കൊലയോ ഇല്ലാതെ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്ന ആ ദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കുന്നത് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതെയാക്കുവാനാണ്.

കേരളവുമായി ഏറെ ബന്ധമുള്ള നാടാണ് ലക്ഷദ്വീപ്. ഒരു കാരണവശാലും സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല. ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും മുന്‍ എം.പി.യുമായ ഹംദുള്ളാ സയീദുമായി ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ അന്വേഷിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: VD Satheesan’s letter to Amit Shah asking him to recall Lakshadweep administrar