കൊച്ചി: ഏക സിവില്‍ കോഡ് ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലെ മാത്രം പ്രശ്‌നമല്ലെന്നും അത് വന്നാല്‍ വിവിധ സമുദായങ്ങളെ ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു കാരണവശാലും ഏക സിവില്‍ കോഡ് നടപ്പാക്കില്ലെന്നും നിയമം നടപ്പാക്കാതെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക മാത്രമാണ് ബി.ജെ.പിയുടെ അജണ്ടയെന്നും സതീശന്‍ പറഞ്ഞു.
‘ഏക സിവില്‍ കോഡിനെ ഹിന്ദു-മുസ്‌ലിം വിഷയമാക്കാന്‍ അണിയറയില്‍ ശ്രമം നടക്കുകയാണ്. ഞാന്‍ നിയമം പഠിച്ചയാളാണ്. ഇതെങ്ങനെയാണ് ഹിന്ദു-മുസ്‌ലിം പ്രശ്‌നമാകുന്നത്? അതാണ് ഏറ്റവും അപകടകരമായ കാര്യം.
ഇതിനെ എല്ലാവരും ഒന്നിച്ച് നിന്നെതിര്‍ക്കുകയാണ് വേണ്ടത്. അയ്യായിരത്തോളം ജാതികളും എത്രയോ വ്യത്യസ്തമായ മതങ്ങളുമുള്ള നാടാണ് ഇന്ത്യ. അവിടെ ഏക സിവില്‍ കോഡ് കൊണ്ടുവരിക എത്രയോ വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം നടക്കേണ്ട ഒരു കാര്യമാണ്.
കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നേരത്തെ വ്യക്തത വരുത്തിയിട്ടുണ്ട്. ഇക്കാര്യം സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് വ്യക്തിപരമായ വിവരക്കേടാണെന്ന് ജിഫ്രി തങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ പ്രതികരിക്കേണ്ട കാര്യമില്ല.
ഈ വിഷയത്തില്‍ ഞങ്ങളുടെ അതേ നിലപാട് തന്നെയാണ് സി.പി.ഐ.എമ്മിനുള്ളത്. ജയറാം രമേശിന്റെ അതേ നിലപാട് തന്നെയാണ് സീതാറാം യെച്ചൂരിക്കുള്ളത്. ജയറാം രമേശ് പറഞ്ഞത് 2018ലെ ലോ കമ്മീഷന്റെ അതേ നിലാപാടാണ് കോണ്‍ഗ്രസിനുള്ളത് എന്നാണ്,’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.
21ാമത് നിയമ കമ്മീഷന്‍ വിശദവും സമഗ്രവുമായ അവലോകനം നടത്തിയ ശേഷം ഈ ഘട്ടത്തില്‍ ഒരു ഏകീകൃത സിവില്‍ കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്ന് നിരീക്ഷിച്ചതാണെന്നും ഇതേ വിഷയത്തില്‍ വീണ്ടും അഭിപ്രായം തേടുന്നത് വിചിത്രമാണെന്നും കോണ്‍ഗ്രസ് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞ മാസം പുറത്തിറക്കിയ അതേ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.