തിരുവനന്തപുരം: തൃക്കാക്കര ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ പ്രചരിക്കുന്ന വ്യാജ വീഡിയോയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദൃശ്യങ്ങള്‍ എല്ലാവരും പ്രചരിപ്പിക്കുമെന്നും ഇത്തരം ദൃശ്യങ്ങള്‍ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
‘വീഡിയോ പ്രചരിപ്പിച്ചവരില്‍ സി.പി.ഐ.എമ്മുകാരുമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം നോക്കി കസ്റ്റഡിയിലെടുക്കുകയാണ്. വീഡിയോ ക്രിയേറ്റ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. വീഡിയോ ഷെയര്‍ ചെയ്തവരെ മാത്രമാണ് അറസ്റ്റ് ചെയ്യുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു.
പത്രസമ്മേളത്തിനിടെയായിരുന്നു വി.ഡി. സതീശന്റെ ഈ പ്രസ്താവന.
‘ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതില്‍ യു.ഡി.എഫിന് ബന്ധമില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
തൃക്കാക്കരയില്‍ ജയിക്കാന്‍ വ്യാജ വീഡിയോ ഇറക്കേണ്ടതില്ല. സ്ഥാനാര്‍ത്ഥിക്കെതിരെ മോശമായി യു.ഡി.എഫ് നേതാക്കളാരും ഒന്നും പറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥിക്ക് മാത്രമല്ല ഞങ്ങള്‍ക്കും കുടുംബമുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എന്നെയും ഉമ്മന്‍ചാണ്ടിയെയുമെല്ലാം നേരത്തെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതില്‍ പരാതി കൊടുത്തിട്ടും പൊലീസ് കേസ് എടുത്തില്ല. ഇപ്പോള്‍ കുളം കലക്കി മീന്‍പിടിക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്,’ സതീശന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് കള്ളക്കളിയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയും കെ.ടി.ഡി.സി ജീവനക്കാരനുമാണ് ഇയാളെന്ന് പോലീസ് അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആലത്തൂര്‍ പോലീസ് പിടികൂടിയ ഇയാളെ തൃക്കാക്കര പോലീസിന് കൈമാറും.
വ്യാജ വീഡിയോ പ്രചരണവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ഫേസ്ബുക്കില്‍ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച അഞ്ച് പേരെകൂടി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
അടുത്തിടെയാണ് ജോ ജോസഫിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിച്ചുതുടങ്ങിയത്. ഇതോടെ എം. സ്വരാജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡോ. ജോ ജോസഫിനെ സമൂഹമധ്യത്തില്‍ സ്വഭാവഹത്യ നടത്താനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്നുമാണ് ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ സ്വരാജ് ആരോപിച്ചിരുന്നത്.
അതേസമയം, വ്യാജ പ്രചാരണങ്ങള്‍ കുടുംബ ജീവിതത്തെ ബാധിച്ചതായും വ്യാജ വീഡിയോ പ്രചാരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കട്ടെയെന്നും ജോ ജോസഫ് പറഞ്ഞു. തനിക്കെതിരായ സൈബര്‍ ആക്രമണത്തെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ തള്ളിപ്പറഞ്ഞതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. വ്യാജ പ്രചാരണത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്‌കല്‍ ഇന്നലെ പരസ്യമായി രംഗത്തെത്തിയിരുന്നു.
Content Highlights: VD Satheesan responds to fake video spread against Joe Joseph in thrikkakkara