| Tuesday, 18th June 2024, 1:23 pm

വര്‍ഗീയതയോട് ഭയമില്ലാതെ പോരാടുന്ന നേതാവ്; പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലേക്ക് ഹൃദയപൂര്‍വം സ്വാഗതം: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വയനാട്ടുകാര്‍ മാത്രമല്ല കേരളമൊട്ടാകെ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിലേക്ക് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത് പോലെ തന്നെ സംസ്ഥാനമൊന്നാകെ പ്രിയങ്ക ഗാന്ധിയെയും സ്വീകരിക്കും. വര്‍ഗീയതക്കെതിരെ പോരാട്ടം നടത്തുന്ന കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയാണ് പ്രിയങ്ക ഗാന്ധി. ഭയമില്ലാതെ വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതക്കെതിരെ ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ് നേതാവാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി ഹൃദയപൂര്‍വം പ്രിയങ്ക ഗാന്ധിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു,’ വി.ഡി. സതീശന്‍ പറഞ്ഞു.

ഇതിന് മുമ്പ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ഉണ്ടായിട്ടും പ്രിയങ്ക ഗാന്ധി മാറി നില്‍ക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപരമായ കാരണങ്ങളാലാണ് റായ്ബറേലിയില്‍ തുടരാന്‍ രാഹുല്‍ ഗാന്ധി തീരുമാനമെടുത്തതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ദേശീയ തലത്തില്‍ തന്നെ തുടരണം. എന്നാല്‍ വയനാട്ടിലെ ജനങ്ങളെ നിരാശരാക്കാതെയാണ് വയനാട്ടില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിക്ക് ലഭിച്ച വോട്ടുകളേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ വയനാട്ടിലെ ജനങ്ങള്‍ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കുമെന്ന് വിശ്വാസമുണ്ട്,’ വി.ഡി. സതീശന്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായിട്ടല്ല ഒരു നേതാവ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി വി.ഡി. സതീശന്‍ പറഞ്ഞു. നരേന്ദ്ര മോദിയടക്കം ഇന്ത്യയിലെ പല നേതാക്കളും രണ്ടിടത്ത് മത്സരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മത്സരിക്കാതെ ദക്ഷിണേന്ത്യയില്‍ മാത്രം മത്സരിക്കുന്നു എന്നായിരുന്നു നേരത്തെ ഇവരുടെ ആരോപണം.

അവരാണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ മത്സരിച്ചതിനെ പരിഹസിക്കുന്നതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി വിജയിച്ചതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് ആദ്യമായാണ് പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റായ്ബറേലി നിലനിർത്താൻ രാഹുൽ ​ഗാന്ധി തീരുമാനിച്ചത്. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ രാഹുല്‍ തീരുമാനിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് മല്ലികാർജുൻ ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഒഴിയുകയാണെങ്കില്‍ പ്രിയങ്ക ​ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ എ.ഐ.സി.സിയെ അറിയിച്ചിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വോട്ടര്‍മാരും ഇതേ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനം.

Content Highlight: VD Satheesan responds in priyanka gandhi wayanad candidateship

We use cookies to give you the best possible experience. Learn more