പറവൂര്‍: ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജും വി.ഡി സതീശന്‍ എം.എല്‍.എയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. പി.എം മനോജിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി ഫേസ്ബുക്കിലൂടെ തന്നെ നല്‍കിയിരിക്കുകയാണ് വി.ഡി സതീശന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന അടിസ്ഥാനരഹിതമായ വാര്‍ത്ത ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതിന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യനോട് ഖേദം പ്രകടിപ്പിച്ചിക്കുകയും വാര്‍ത്ത തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചാണ് ദേശാഭിമാനി അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. തന്റെ മതേതര നിലപാടിന് സി.പി.ഐ.എമ്മിന്റേയോ ദേശാഭിമാനിയുടേയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ കൊണ്ടു പോകുന്നു എന്ന സംഘപരിവാര്‍ ശക്തികളുടെ കള്ള പ്രചരണത്തെ പൊളിച്ചടുക്കിയത് താനാണെന്നും അതിന് ആദ്യം തന്നെ അഭിനന്ദിച്ചത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറയുന്നു.
In Case You Missed: ‘കൊച്ചിയില്‍ പ്രമുഖ നടി നേരിട്ട അനുഭവം തനിക്കും ഉണ്ടായി; ലൈംഗികമായി ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍ തന്നെ’; വെളിപ്പെടുത്തലുമായി നടി പാര്‍വ്വതി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ ശക്തികള്‍ തോല്‍പ്പിക്കുവാന്‍ ആദ്യം ലക്ഷ്യമിട്ടത് തന്നെയാണ്. പറവൂര്‍ പോലെയുള്ള ഒരു മണ്ഡലത്തില്‍ താന്‍ ജയിച്ചത് 20,000-ത്തിലധികം വോട്ടുകള്‍ക്കാണ് താന്‍ ജയിച്ചത്. ഇടതുപക്ഷത്തിലെ പുരോഗമനവാദികളുടെ കൂടി തനിക്ക് ഉണ്ടായിരുന്നുവെന്ന് മനസിലാക്കണമെന്നും സതീശന്‍ പി.എം മനോജിനോട് പറഞ്ഞു.
തന്റെ നിയോജക മണ്ഡലത്തിലെ കോളേജിനെ പറ്റിയോ അതിന് ആവശ്യമോയ സ്ഥലത്തെ പറ്റിയോ മനോജിന് ഒരു ചുക്കും അറിയില്ല. അവിടെ സര്‍ക്കാര്‍ കോളേജ് ഇല്ല. ആവശ്യമായ സ്ഥലം കേസരി സ്മാരക ട്രസ്റ്റ് തരാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് കോളേജ് അനുവദിക്കാമെന്ന് അഞ്ച് ദിവസം മുന്‍പ് പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. പറവൂരില്‍ സംഘപരിവാറിന് ഒരു കോളേജുമില്ലെന്നും സതീശന്‍ പറഞ്ഞു.
എന്നാല്‍ സ്വകാര്യ വ്യക്തി സ്‌കൂള്‍ തുടങ്ങുകയും അയാള്‍ക്ക് വ്യക്തിപരമായി അടുപ്പമുള്ള കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയും ചെയ്തു. ഈ ചടങ്ങില്‍ താനായിരുന്നു അധ്യക്ഷന്‍. തന്റെ ചിത്രം മാത്രമല്ല, കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍ സുനില്‍ കുമാറിന്റേയും ചിത്രമുണ്ടായിരുന്നു. എന്നാല്‍ അതൊരു ബി.ജെ.പി പരിപാടി പോലെയായി മാറിയതിനാല്‍ അതില്‍ പ്രതിഷേധിച്ച് താന്‍ പരിപാടിയില്‍ പങ്കെടുത്തില്ല. ഇതാണോ തന്റെ മൃദുഹിന്ദുത്വ സമീപനമെന്നും അദ്ദേഹം ചോദിച്ചു.
“കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കയര്‍ എടുക്കുന്ന താങ്കളെ പോലുള്ള പത്ര പ്രവര്‍ത്തകര്‍ തലപ്പത്തിരുന്നാല്‍ ഏത് പത്രത്തിനു ദുരന്തം തന്നെയാണുണ്ടാവുന്നത്. ദേശാഭിമാനി പുതിയ ഒരു എഡിഷന്‍ കൂടി തുടങ്ങുന്നു എന്ന് താങ്കള്‍ പറഞ്ഞറിഞ്ഞതില്‍ സന്തോഷം . പക്ഷെ എഡിഷനുകളുടെ എണ്ണം നോക്കിയല്ല ഒരു പത്രത്തിന്റെ അന്തസ്സും സ്വഭാവവും നിര്‍ണ്ണയിക്കുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണ പിള്ളയും ഇറക്കിയ പത്രങ്ങള്‍ക്ക് ആയിരത്തില്‍ താഴെ കോപ്പികള്‍ മാത്രമാണ് ഉണ്ടായിരുന്നത് . അവര്‍ ജന മനസ്സില്‍ ഇന്നും ജീവിക്കുന്നു . ബി.ജെ.പിയ്ക്ക് ആളെ കൂട്ടുവാനുള്ള ഒരു റിക്രൂട്ടിങ്ങ് ഏജന്റായി ദേശാഭിമാനി പ്രവര്‍ത്തിച്ചാല്‍ രൂക്ഷമായ ഭാഷയില്‍ തന്നെ പ്രതികരിക്കും.
കോണ്‍ഗ്രസ്സ് മുക്തഭാരതം നടപ്പാക്കാന്‍ നരേന്ദ്ര മോദിയും ഏത് ചെകുത്താനെയും കൂട്ട് പിടിച്ച് കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കണമെന്ന് പറയുന്ന സി പി.ഐ.എമ്മും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെയാണ് . മനോജിനെ പത്ര പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുവാന്‍ ഞാന്‍ ആളല്ല. പക്ഷെ മനോജ് ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.” -സതീശന്‍ പറയുന്നു.
വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ദേശാഭിമാനി എഡിറ്റര്‍ പി.എം. മനോജിനുള്ള മറുപടി.
എന്നെക്കുറിച്ചുള്ള താങ്കളുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി ജെ പിയില്‍ പോകുമെന്ന് മലപ്പുറം ഉപതിരെഞ്ഞെടുപ്പിനു മുന്‍പ് ദേശാഭിമാനിയില്‍ പടച്ചുവിട്ട അടിസ്ഥാന രഹിതമായ വാര്‍ത്തയോടാണ് ഞാന്‍ പ്രതികരിച്ചത് .പത്ര പ്രവര്‍ത്തനത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചു കൊണ്ടാണ് ദേശാഭിമാനി അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് . ഇത് സംബന്ധിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യനെ കണ്ട് ഈ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിക്കുകയും പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്.
എന്റെ മതേതര നിലപാടിന് സി.പി.എമ്മിന്റെയോ ദേശാഭിമാനിയുടെയോ സര്‍ട്ടിഫിക്കേറ്റ് വേണ്ട . സംഘ പരിവാര്‍ ശക്തികള്‍ കേരളത്തില്‍ നടത്തിയ ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നും ദേവസ്വം ബോര്‍ഡുകളില്‍ നിന്നും ഉള്ള വരുമാനത്തെ സര്‍ക്കാര്‍ കൊണ്ടുപോകുന്നു എന്ന കള്ളപ്രചരണത്തെ പൊളിച്ചടുക്കിയത് ഞാനാണ്. അതിനു എന്നെ ആദ്യം അഭിനന്ദിച്ചത് സി പിഎം സംസ്ഥാന സെക്രട്ടറി ശ്രീ. കോടിയേരി ബാലകൃഷ്ണനാണ്.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുവാന്‍ കേരളത്തില്‍ സംഘ പരിവാര്‍ ശക്തികള്‍ ആദ്യം ടാര്‍ജറ്റ് ചെയ്തത് എന്നെയാണ് .അത് മറികടന്ന് പറവൂര്‍ പോലുള്ള ഒരു മണ്ഡലത്തില്‍ ഇരുപതിനായിരത്തിലധികം വോട്ടിനാണ് ഞാന്‍ ജയിച്ചത് .ഇടതു പക്ഷത്തിലെ പുരോഗമന വാദികളുടെ പിന്തുണ കൂടി എനിക്ക് ഉണ്ടായിരുന്നുവെന്ന് താങ്കള്‍ മനസ്സിലാക്കണം.
എന്റെ നിയോജക മണ്ഡലത്തിലെ കോളേജിനെ പറ്റിയോ അതിനാവശ്യമായ സ്ഥലത്തെ പറ്റിയോ മനോജിന് ഒരു ചുക്കും അറിയില്ല. അവിടെ ഒരു സര്‍ക്കാര്‍ കോളേജ് ഇല്ല. കോളേജിനാവശ്യമായ സ്ഥലം കേസരി സ്മാരക ട്രസ്‌റ് തരാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് കോളേജ് അനുവദിക്കാമെന്ന് അഞ്ചു ദിവസം മുന്‍പ് പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. പറവൂരില്‍ സംഘപരിവാറിന് ഒരു കോളേജുമില്ല.
എന്നാല്‍ ഒരു സ്വകാര്യ വ്യക്തി ഒരു സ്‌കൂള്‍ തുടങ്ങുകയും അയാള്‍ക്ക് വ്യക്തിപരമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി രാജ് നാഥ് സിങ്ങിനെ ഉദ്ഘാടനത്തിനു ക്ഷണിക്കുകയും ചെയ്തു . ഈ ചടങ്ങില്‍ ഞാനായിരുന്നു അദ്ധ്യക്ഷന്‍. പോസ്റ്ററില്‍ പടം വന്നത് എന്റെ മാത്രമല്ല . കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍. സുനില്‍ കുമാറിന്റെയും ഉണ്ടായിരുന്നു . അതൊരു ബി ജെ പി പരിപാടി പോലെ ആയി മാറിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തില്ല. ഇതാണോ എന്റെ മൃദു ഹിന്ദുത്വ സമീപനം?
കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കയര്‍ എടുക്കുന്ന താങ്കളെ പോലുള്ള പത്ര പ്രവര്‍ത്തകര്‍ തലപ്പത്തിരുന്നാല്‍ ഏത് പത്രത്തിനു ദുരന്തം തന്നെയാണുണ്ടാവുന്നത് . ദേശാഭിമാനി പുതിയ ഒരു എഡിഷന്‍ കൂടി തുടങ്ങുന്നു എന്ന് താങ്കള്‍ പറഞ്ഞറിഞ്ഞതില്‍ സന്തോഷം . പക്ഷെ എഡിഷനുകളുടെ എണ്ണം നോക്കിയല്ല ഒരു പത്രത്തിന്റെ അന്തസ്സും സ്വഭാവവും നിര്‍ണ്ണയിക്കുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണ പിള്ളയും ഇറക്കിയ പത്രങ്ങള്‍ക്ക് ആയിരത്തില്‍ താഴെ കോപ്പികള്‍ മാത്രമാണ് ഉണ്ടായിരുന്നത് . അവര്‍ ജന മനസ്സില്‍ ഇന്നും ജീവിക്കുന്നു . ബി ജെ പിയ്ക്ക് ആളെ കൂട്ടുവാനുള്ള ഒരു റിക്രൂട്ടിങ്ങ് ഏജന്റായി ദേശാഭിമാനി പ്രവര്‍ത്തിച്ചാല്‍ രൂക്ഷമായ ഭാഷയില്‍ തന്നെ പ്രതികരിക്കും .
കോണ്‍ഗ്രസ്സ് മുക്തഭാരതം നടപ്പാക്കാന്‍ നരേന്ദ്ര മോദിയും ഏത് ചെകുത്താനെയും കൂട്ട് പിടിച്ച് കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കണമെന്ന് പറയുന്ന സി പി.എമ്മും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെയാണ് . മനോജിനെ പത്ര പ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുവാന്‍ ഞാന്‍ ആളല്ല. പക്ഷെ മനോജ് ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.
സ്‌നേഹപൂര്‍വ്വം
വി.ഡി.സതീശന്‍ എം.എല്‍.എ