സുബൈര്‍ വധം; മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയി, സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്: വി.ഡി. സതീശന്‍
Kerala News
സുബൈര്‍ വധം; മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയി, സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th April 2022, 9:19 pm

കോഴിക്കോട്: പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

ഒരു വിഷു ദിനം കൂടി സങ്കടത്തില്‍ അവസാനിച്ചു. പിതാവിന്റെ മുന്നിലിട്ട് മകനെ അരുംകൊല ചെയ്തു. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ട് തന്നെ വര്‍ഗീയ ശക്തികള്‍ക്കും അക്രമികള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ വിവിധ വര്‍ഗീയ സംഘടനകള്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണം. വര്‍ഗീയ ശക്തികളെ നിലയ്ക്ക് നിര്‍ത്തണം. ജനങ്ങളുടെ സ്വര്യം ജീവിതം ഉറപ്പാക്കണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം, സുബൈറിന്റെ കൊലപാതകത്തില്‍ ബി.ജെ.പിക്കോ സംഘപരിവാറിനോ കൊലയില്‍ പങ്കില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രതികരിച്ചു. കൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ പ്രതികരണം.

സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമി സംഘം ഉപേക്ഷിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് കാറിലെത്തിയ സംഘം ഒരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.

കെ.എല്‍ 11 എ.ആര്‍ 641 എന്ന നമ്പറില്‍പ്പെട്ട കാറാണ് ഉപേക്ഷിക്കപ്പെട്ടത്. ഈ കാര്‍ നവംബറില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഈ കാര്‍ കൊലയാളി സംഘം കുത്തിയതോട് തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ സുബൈര്‍ പള്ളിയില്‍ ഇറങ്ങി വീട്ടിലേക്കുള്ള യാത്ര മധ്യേയായിരുന്നു കൊലപാതകം നടന്നത്. വെട്ടേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സുബൈര്‍ എസ്.ഡി.പി.ഐ പ്രാദേശിക പ്രവര്‍ത്തകനാണ്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: VD Satheesan reacts against Pinarayi Vijayan in Subair murder