തിരുവനന്തപുരം: സ്ത്രീപീഡന പരാതിയില്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയില്‍ പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങുന്നതിന് മുന്‍പായിരുന്നു സതീശന്റെ പ്രതികരണം.
ഒരു പെണ്‍കുട്ടി പരാതി നല്‍കിയിട്ട് 22 ദിവസം എഫ്.ഐ.ആര്‍. പോലും ഇടാതെ മന്ത്രിയുടെ ഇടപെടലില്‍ പൊലീസ് ഫ്രീസറില്‍ വെച്ചു. സ്ത്രീപീഡന പരാതിയില്‍ മന്ത്രി ഇടപെട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വിഷയത്തില്‍ മറുപടി പറയാനാകാതെ ജാള്യതകൊണ്ട് തലകുനിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മന്ത്രിക്കു വേണ്ടി അനാവശ്യമായ ന്യായീകരണമാണ് മുഖ്യമന്ത്രി നടത്തിയത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മന്ത്രി സംസാരിച്ചത് കേരളം മുഴുവന്‍ കേട്ടു. പാര്‍ട്ടി നേതാവ് മകളുടെ കൈയ്യില്‍ പിടിച്ച വിഷയമല്ലേയെന്ന് പിതാവ് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു മന്ത്രിയുടെ മറുപടി,’ വി.ഡി. സതീശന്‍ പറഞ്ഞു.
സ്ത്രീപീഡനമാണെന്ന് അറിയാതെയാണ് വിഷയത്തില്‍ ഇടപെട്ടതെന്ന മന്ത്രിയുടെ വിശദീകരണം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാര്‍ട്ടി നേതാവിനെതിരെ മകള്‍ നല്‍കിയ കേസ് നല്ല രീതിയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി പിതാവിനോട് ഫോണില്‍ ആവശ്യപ്പെട്ടത്. സ്ത്രീ പീഡനത്തിന്റെ പരിധിയില്‍ വരുന്നൊരു കേസ് എങ്ങനെയാണ് നല്ലരീതിയില്‍ തീര്‍ക്കുന്നത്?
സ്ത്രീപീഡന കേസുകള്‍ അദാലത്ത് വച്ച് തീര്‍ക്കാനാകുമോ? പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വന്‍മതിലിനെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും സ്ത്രീപക്ഷത്തെ കുറിച്ചുമൊക്കെയാണ് സി.പി.ഐ.എം. പറയുന്നത്. ഇതാണോ സി.പി.ഐ.എമ്മിന്റെ സ്ത്രീപക്ഷമെന്നും സതീശന്‍ ചോദിച്ചു. സ്ത്രീപീഡനങ്ങളും സ്ത്രീധന മരണങ്ങളും നടക്കുന്ന ഈ കെട്ടകാലത്ത് എല്ലാവരും ക്യാമ്പയിനുകള്‍ നടത്തുകയാണ്.
ഇതിനിടയിലാണ് സ്ത്രീപീഡന കേസ് ഒതുക്കാന്‍ മന്ത്രി ശ്രമിച്ചത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ നവോത്ഥാനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
‘മുഖ്യമന്ത്രി എന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് അങ്ങ് ഇപ്പോള്‍ മന്ത്രിയെ സംരക്ഷിക്കാനായി പറയുന്നത്. 22 ദിവസമായിട്ടും എഫ്.ഐ.ആര്‍. ഇടാത്ത പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പരാതി ഒതുക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച മന്ത്രി ആരെയൊക്കെ വിളിച്ചുകാണും?,’ സതീശന്‍ പറഞ്ഞു.
സ്ത്രീപീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മന്ത്രി ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരാന്‍ പാടില്ല. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: VD Satheesan Pinaray Vijayan AK Saseendran NCP