Kerala News
'5,000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6,000 കോടിയുടെ അഴിമതി ആരോപിച്ചയാളാണ് പിണറായി, ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്ക്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 14, 07:19 am
Saturday, 14th October 2023, 12:49 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ഉള്ളത് പറയുമ്പോള്‍ തുള്ളിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടിക്കുള്ളതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെയും യു.ഡി.എഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം. 5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ അഴിമതി ആരോപിച്ചയാളാണ് അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

‘വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ അടുത്തു. ഞായറാഴ്ച വൈകിട്ട് കപ്പലിനെ സംസ്ഥാനം ഔദ്യോഗികമായി സ്വീകരിക്കും. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ നിറഞ്ഞ സന്തോഷം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യു.ഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തും. 5,000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6,000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചത് ദേശാഭിമാനി. അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ എല്ലാം പുകയായി.

പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ പാക്കേജും പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു.

ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യു.ഡി.എഫ് സര്‍ക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. സി.പി.എമ്മിന്റെ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കല്‍ കോളേജും യാഥാര്‍ഥ്യമാക്കിയ ലീഡര്‍ കെ. കരുണാകരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തനി പകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ചാണ്ടി.
ഉള്ളത് പറയുമ്പോള്‍ തുള്ളല്‍ വന്നിട്ട് കാര്യമില്ല. നിങ്ങള്‍ എത്ര തുള്ളിയാലും ആ ക്രഡിറ്റ് ഉമ്മന്‍ ചാണ്ടിക്കുള്ളതാണ്,’ സതീശന്‍ പറഞ്ഞു.

Content Highlight: VD Satheesan gives Oommen Chandy the credit for the Vizhinjam project