തിരുവനന്തപുരം: ദേശാഭിമാനി പത്രത്തിനെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അപകീര്‍ത്തി പരാമര്‍ശത്തിലാണ് പരാതി നല്‍കിയത്.
ദേശാഭിമാനിക്കെതിരെ നടപടി വേണമെന്നും ഉപോയോഗിച്ചത് നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയാണെന്നും പരാതിയില്‍ വി.ഡി. സതീശന്‍ പറഞ്ഞു. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ തുടര്‍ന്നായിരുന്നു ദേശാഭിമാനി വിവാദ തലക്കെട്ടിട്ട് വാര്‍ത്ത നല്‍കിയത്.
ഏപ്രില്‍ 18ലെ പത്രത്തിലാണ് ‘പോണ്‍ഗ്രസ്’ എന്ന തലക്കെട്ടില്‍ കോണ്‍ഗ്രസിനെതിരെ ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കെ.പി.സി.സി നേരത്തെ പരാതി നല്‍കിയിരുന്നു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ അറിവോടെയാണ് തലക്കെട്ട് ഇട്ടതെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍ ആരോപിച്ചിരുന്നു.
പാര്‍ട്ടി സെക്രട്ടറിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരമൊരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വരില്ലെന്നും വിഷയത്തില്‍ ഉടന്‍ നടപടി എടുക്കണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലെയാണ് പരാതിയുമായി പ്രസ് കൗണ്‍സിലിനെയും കോണ്‍ഗ്രസ് സമീപിച്ചത്.
Content Highlight: vd satheesan filed complaint against Deshabhimani to Press Council