തിരുവനന്തപുരം: എ.ഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളില്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷം അഴിമതിയാണ് ചൂണ്ടിക്കാട്ടിയതെന്നും ജനങ്ങളെ വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ അഴിമതി നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘കെ ഫോണ്‍ കേബിളിട്ടതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു. കരാര്‍ ഭെല്ലിന് കൊടുത്തെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പണി കിട്ടിയതും ഉപകരാറുകള്‍ ലഭിച്ചതും എസ്.ആര്‍.ഐ.ടിക്കാണ്.
ഒരു കമ്പനി ഒന്നാമതെത്തിയിട്ടും കാരണം പറയാതെ റദ്ദാക്കി വീണ്ടും കറക്ക് കമ്പനികള്‍ക്ക് നല്‍കാന്‍ വേണ്ടി മാറ്റം വരുത്തിയിരിക്കുകയാണ്. കേരളത്തില്‍ എന്ത് വൃത്തികേടും ചെയ്യാമെന്നുള്ള അഹങ്കാരമാണിത്. എന്നിട്ട് പദ്ധതിയെ വിമര്‍ശിച്ചെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുകയാണ്,’ സതീശന്‍ പറഞ്ഞു.
എ.ഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് താനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയെ സമീപിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ‘മുഴുവന്‍ രേഖകളും ശേഖരിച്ച ശേഷം കോടതിയെ സമീപിക്കും. അത് എന്നാണ് പോകേണ്ടതെന്ന കാര്യം സര്‍ക്കാരല്ലല്ലോ തീരുമാനിക്കേണ്ടത്.
ഒരു മന്ത്രിമാരും അഴിമതിയെ പ്രതിരോധിക്കാന്‍ രംഗത്ത് വരുന്നില്ല. പൊതുമരാമത്ത് മന്ത്രി ഇപ്പോള്‍ മന്ത്രിമാരെ ഭീഷണിപ്പെടുത്തുകയല്ലേ. നിങ്ങളെല്ലാം പ്രതിച്ഛായയുടെ തടവറകളിലാണ്, മുഖ്യമന്ത്രിയെ പ്രതിരോധിച്ചാല്‍ നിങ്ങളുടെ പ്രതിച്ഛായ തകരുമെന്നാണ് കരുതുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
പറഞ്ഞത് ശരിയല്ലേ. ആരെങ്കിലും വേലിക്കലിരിക്കുന്ന പാമ്പിനെയെടുത്ത് തോളത്ത് വെക്കുമോ? അവര്‍ക്ക് അവരുടെ കാര്യവുമായി മുന്നോട്ട് പോകണമെന്നേയുണ്ടാകൂ,’ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.