| Friday, 12th May 2023, 1:35 pm

ടിനി ടോം പറഞ്ഞത് ഗൗരവതരമായ കാര്യം, വമ്പന്‍ സ്രാവുകളെ പൊലീസ് പിടിച്ചിട്ടുണ്ടോ: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നുപറച്ചില്‍ നടത്തിയ നടന്‍ ടിനി ടോമിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ടിനി ടോം പറഞ്ഞത് ഗൗരവതരമായ കാര്യമാണെന്നും ലഹരിയുമായി ബന്ധപ്പെട്ട ചെറിയ കേസുകള്‍ മാത്രമാണ് പിടിക്കുന്നതെന്നും സതീശന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘വമ്പന്‍ സ്രാവുകളെ പിടിക്കാന്‍ പൊലീസിനോ എക്‌സൈസിനോ കഴിയുന്നില്ല. ലഹരി വ്യാപകമാണെന്ന് എല്ലാവര്‍ക്കുമറിയാം. ലഹരി വിതരണത്തിന് രാഷ്ട്രീയ പിന്തുണയുണ്ട്, സി.പി.ഐ.എമ്മിന്റെ പിന്തുണയുമുണ്ട്.

സിനിമാ മേഖലയില്‍ മാത്രമല്ല എല്ലായിടത്തും ലഹരി പടര്‍ന്നിരിക്കുന്നു. തടയാനുള്ള ഒരു സംവിധാനവും നിലവിലില്ല. മാരകമായ രാസലഹരിയാണ് വന്നുകൊണ്ടിരിക്കുന്നത്.

ഏതെങ്കിലും വമ്പന്‍ സ്രാവുകളെ പൊലീസ് പിടിച്ചിട്ടുണ്ടോ? ഇതെല്ലാം അപകടകരമായ നിലയിലേക്ക് പോകുകയാണ്,’ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

അതേസമയം, ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും സതീശന്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. ‘കേരളത്തിന്റെ പൊലീസ് സേനക്ക് നാണക്കേടാണ് ഈ സംഭവം.

ഡി.ജി.പി ഒന്ന് പറയുന്നു, ദൃക്‌സാക്ഷികള്‍ മറ്റൊന്ന് പറയുന്നു. എന്നാല്‍, എഫ്.ഐ.ആറില്‍ മറ്റൊന്ന് എഴുതുന്നു. എവിടെയാണ് പൊലീസ് ഉണ്ടായിരുന്നത്. ഹോംഗാര്‍ഡിന് വരെ കുത്തേറ്റു.

ഒരു സംരക്ഷണവും ജീവനക്കാര്‍ക്ക് നല്‍കാനായില്ല. വാതിലടച്ച് കേറി രക്ഷപ്പെട്ടതില്‍ പൊലീസും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കേസില്‍ മൊത്തമായും കേരളത്തിലെ പൊലീസിന് നാണക്കേടുള്ള കാര്യങ്ങളാണ്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

content highlights: VD Satheesan congratulate actor tini tom over film drug use comment

We use cookies to give you the best possible experience. Learn more