| Tuesday, 25th May 2021, 8:01 pm

വെല്‍ഫെയര്‍പാര്‍ട്ടി എ.കെ.ജി സെന്ററിലിരിക്കുമ്പോള്‍ മതേതര വാദികളും കോണ്‍ഗ്രസുമായി കൂട്ടുകൂടുമ്പോള്‍ വര്‍ഗീയവാദികളുമായി മാറുന്നു; വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എല്‍.ഡി.എഫിനൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടി നില്‍ക്കുമ്പോള്‍ മതേതരവാദികളും തങ്ങളുമായി കൂട്ടുകൂടുമ്പോള്‍ വര്‍ഗീയവാദികളുമായും ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

റിപ്പോര്‍ട്ടര്‍ ടി.വി ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടി മുമ്പ് സി.പി.ഐ.എമ്മിന്റെ കൂടെയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലായിരുന്നു അവര്‍ ആദ്യമായി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ വാര്‍ഗീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ജമാ അത്തെ ഇസ്‌ലാമിയുമായി യു.ഡി.എഫ് കൂട്ടുകൂടിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സി.പി.ഐ.എം നേതാക്കള്‍ രംഗത്തെത്തിയതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ പത്തിരുപത്തിയഞ്ച് കൊല്ലക്കാലം അവര്‍ എ.കെ.ജി സെന്ററിലായിരുന്നു. എല്‍.ഡി.എഫുമായി പ്രവര്‍ത്തിച്ചു പോന്നിരുന്ന ഒരു സമുദായവും സമൂഹവുമായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി.

അപ്പോള്‍ എ.കെ.ജി സെന്ററിലിരിക്കുമ്പോള്‍ അവര്‍ മതേതര വാദികളും, അവിടെ നിന്നും പുറത്തുവന്ന് കോണ്‍ഗ്രസുമായി കൂട്ടുകൂടുമ്പോള്‍ അവര്‍ വര്‍ഗീയവാദികളുമായി മാറുന്നെന്നും അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറിച്ച് വിവാദമുണ്ടായപ്പോള്‍ താന്‍ ഒരു അഭിപ്രായം പറഞ്ഞു. കഴിഞ്ഞ അഞ്ച് തവണ താന്‍ മത്സരിച്ചപ്പോഴും വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാ അത്തെ ഇസ്‌ലാമിയും തനിക്കെതിരെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ കക്ഷിയാണെന്ന പ്രചരണത്തിനോട് യോജിപ്പില്ലെന്നും യഥാര്‍ത്ഥത്തില്‍ വര്‍ഗീയതയേയും തീവ്രവാദത്തെയും കേരളത്തില്‍ തടുത്തുനിര്‍ത്തിയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും വി.ഡി സതീശന്‍ പറഞ്ഞു.

എല്ലാ കാര്യത്തിലും വളരെ മിതമായ സമീപനം സ്വീകരിക്കുകയും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് ലീഗ് മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് അതൊരു വര്‍ഗീയ പാര്‍ട്ടിയായി വിലയിരുത്തപ്പെടുന്നത്.

അവര്‍ സി.പി.ഐ.എമ്മിന്റെ കുടെയായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ചോദ്യം ഉയരുക പോലുമില്ലായിരുന്നുവെന്നും ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും മുസ്‌ലിം ലീഗ് എല്‍.ഡി.എഫിനൊപ്പമായിരുന്നു, അപ്പോള്‍ അവര്‍ വര്‍ഗീയ കക്ഷികള്‍ ആയിരുന്നില്ല വി.ഡി സതീശന്‍ പറഞ്ഞു.

അന്നത്തെ മുസ്‌ലിം ലീഗും ഇന്നത്തെ മുസ്‌ലിം ലീഗും തമ്മില്‍ എന്താണ് വ്യത്യാസമെന്നും അവരുടെ നിലപാടിലും കാഴ്ച്ചപ്പാടിലും എന്താണ് മാറ്റം വന്നിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ കക്ഷിയാണെന്ന തോന്നലില്ലെന്നും പതിറ്റാണ്ടുകളായി തങ്ങള്‍ക്കൊപ്പമുള്ള, ഏറ്റവും പ്രധാനപ്പെട്ട, വിശ്വസ്തതയുള്ള രാഷ്ട്രീയ കക്ഷിയാണ് ലീഗെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

VD Satheesan Comment about welfare party and Jamaat-e-Islami

We use cookies to give you the best possible experience. Learn more