| Friday, 19th November 2021, 10:59 pm

കോണ്‍ഗ്രസാണ് യഥാര്‍ത്ഥ ഇടതുപക്ഷം; സി.പി.ഐ.എം തീവ്ര വലതുപക്ഷമായി; പുതിയ ചര്‍ച്ചയ്ക്കു വഴിമരുന്നിട്ട് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസാണ് യഥാര്‍ത്ഥ ഇടതുപക്ഷമന്നും സി.പി.ഐ.എം തീവ്ര വലതുപക്ഷമായി മാറിയെന്നും വാദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമകാലിക മലയാളം വാരികയുടെ പുതിയലക്കത്തില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘ അഭിമുഖത്തിലാണ് പുതിയ രാഷ്ട്രീയ വിവാദത്തിനു കാരണമാകാനിടയുള്ള പരാമര്‍ശങ്ങള്‍.

കോണ്‍ഗ്രസ് ഒരു സെന്‍ട്രിസ്റ്റ് പാര്‍ട്ടിയൊന്നുമല്ല; വലതുപക്ഷമാണെന്നു പറയാന്‍ താന്‍ സമ്മതിക്കുകയേ ഇല്ലെന്നും സതീശന്‍ പറയുന്നു. വെറുതേ ആളുകള്‍ പറയും, ഇടതുപക്ഷവും വലതുപക്ഷവും എന്ന്. ഞങ്ങള്‍ വലതുപക്ഷമല്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസാണ് ഇടതുപക്ഷം. കേരളത്തില്‍ അത് കുറച്ചുകൂടി ഇടതാണ്.

സി.പി.ഐ.എം വലതുപക്ഷ ചായ്‌വിലേക്ക് പോകുന്നു എന്നതാണ് ഞങ്ങള്‍ അവരുമായുള്ള ആശയ പോരാട്ടത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു വിമര്‍ശനം. പല കാര്യങ്ങളും എടുത്താല്‍ അത് മനസിലാകും. അനുപമ വിഷയം തന്നെ എടുത്താല്‍ ഒരു ഇടതു പുരോഗമന പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടാണോ അവരുടേതെന്നും നിങ്ങളെന്ത് ഇടതുപക്ഷമാണെന്ന് താന്‍ തന്നെ നിയമസഭയില്‍ ചോദിച്ചെന്നും സതീശന്‍ പറയുന്നു.

സമുദായ നേതാക്കളുമായുള്ള ബന്ധത്തേക്കുറിച്ചും ഇതുവരെ വിശദീകരിക്കാത്ത സ്വന്തം നിലപാട് സതീശന്‍ വ്യക്തമാക്കുന്നു. ഞങ്ങളുടെ ആളുകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം തരുന്നില്ല എന്ന് ഏതെങ്കിലുമൊരു സമുദായ നേതൃത്വം പറഞ്ഞാല്‍ അതിലൊരു തെറ്റുമില്ല. ഞങ്ങളുടെ ആളുകള്‍ക്ക് അഞ്ച് സീറ്റല്ലേ നിങ്ങള്‍ തരുന്നത്, പത്തു സീറ്റെങ്കിലും തരണ്ടേ. അത്രയും വോട്ടല്ലേ ഞങ്ങള്‍ നിങ്ങള്‍ക്കു ചെയ്യുന്നത് എന്നു ചോദിച്ചേക്കാം. ചിലപ്പോള്‍ അഞ്ച് പത്താക്കാന്‍ പറ്റിയില്ലെങ്കിലും ഏഴെങ്കിലുമാക്കാന്‍ പറ്റിയേക്കും. പക്ഷേ, ആ ഏഴുപേര്‍ ആരായിരിക്കണം, അവര്‍ എവിടെയൊക്കെ മത്സരിക്കണം എന്ന വിശദാംശങ്ങളിലേക്ക് അവര്‍ പോവുകയാണെങ്കില്‍പ്പിന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവാകാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചു വി.ഡി. സതീശന്‍ പറയുന്നു.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അടുത്ത തവണ യു.ഡി.എഫ് വരുന്ന കാലം മാറിയെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും കോണ്‍ഗ്രസിനു ശക്തമായ സംഘടന വേണമെന്നും സതീശന്‍ ഓര്‍മിപ്പിക്കുന്നു.

സംഘടനയെ ദുര്‍ബലമാക്കിക്കൊണ്ട് എത്ര വലിയ ആളാണെങ്കിലും അധികാരത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ല. നിയമസഭില്‍ താന്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെയും പിന്നീടു രമേശ് ചെന്നിത്തലയുടെയും അടുത്ത ആളായിരുന്നു. പക്ഷേ, അവരുടെ സ്‌കൂളല്ല തന്റേതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാംCONTENT HIGHLIGHTS:  Opposition leader VD Satheesan claimed that the Congress is the real left and the CPI (M) the far right.

We use cookies to give you the best possible experience. Learn more