| Saturday, 28th May 2022, 12:58 pm

ജോജുവിന് അഭിനന്ദനങ്ങള്‍, അവാര്‍ഡ് ഉപകാര സ്മരണയാണ് എന്ന് പറയില്ല: വി.ഡി. സതീശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ജോജു ജോര്‍ജിന് അഭിനന്ദനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വൈറ്റിലയിലെ കോണ്‍ഗ്രസ് സമരത്തിനെതിരായി പ്രതികരിച്ചതുകൊണ്ടാണ് ജോജുവിന് അവാര്‍ഡ് ലഭിച്ചതെന്ന് തങ്ങള്‍ പറയില്ലെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘വൈറ്റിലയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതിന്റെ ഉപകാരസ്മരണയാണ് ജോജുവിന് ലഭിച്ച പുരസ്‌കാരമെന്ന് ഞങ്ങള്‍ പറയില്ല. അങ്ങനെയൊന്നും ഞങ്ങള്‍ പറയില്ല. അദ്ദേഹം ഒരു കലാകാരനാണ്. അദ്ദേഹം ഒരു തെറ്റായ കാര്യം ചെയ്തു. അത് ഞങ്ങള്‍ ചോദ്യം ചെയ്തു.

അതിനു ശേഷം അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. ഞാന്‍ കേസുമായി പോവില്ല, നമ്മള്‍ തമ്മില്‍ ഒരു സംഘര്‍ഷത്തിന്റെ ആവശ്യമില്ല, അതൊരു പ്രത്യേക സാഹചര്യത്തില്‍ വന്നതാണെന്ന് അദ്ദേഹം പറഞ്ഞതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാശിയോടെ മുന്നോട്ട് പോയതുകൊണ്ടാണ് ഞങ്ങളുടെ ആളുകള്‍ റിമാന്‍ഡില്‍ പോയത്. അദ്ദേഹത്തെ പോലൊരാള്‍ക്ക് അവാര്‍ഡ് ലഭിച്ചതില്‍ പ്രത്യേകം അഭിനന്ദിക്കുന്നു,’ സതീശന്‍ പറഞ്ഞു.

ജോജു ജോര്‍ജിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും സൈബര്‍ ആക്രമണം ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ധന വില വര്‍ധനയ്ക്കെതിരെ റോഡ് തടഞ്ഞ് കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതികരിച്ചതിന്റെ പ്രതിഫലമാണ് ഇപ്രാവിശ്യത്തെ അവാര്‍ഡ് എന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും ആക്ഷേപം ഉയരുന്നതിനിടയിലാണ് ജോജുവിനെ അഭിനന്ദിച്ച് വി.ഡി. സതീശന്‍ രംഗത്തെത്തിയത്.

അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ദ്രന്‍സിന്റെ ചിത്രവും ഷെയര്‍ ചെയ്തിരുന്നു. കരിക്ക് ചാനലിലെ ഒരു വീഡിയോയുടെ ‘മാമനോട് ഒന്നും തോന്നല്ലേ,’ എന്ന ക്യാപ്ഷന്‍ വരാറുള്ള മീമാണ് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഷെയര്‍ ചെയ്തത്.

അതേസമയം ഹോം സിനിമയെ അവാര്‍ഡില്‍ നിന്നും തഴഞ്ഞതില്‍ പ്രതികരണവുമായി ഇന്ദ്രന്‍സും ഇന്ന് പരസ്യമായി രംഗത്ത് വന്നിരുന്നു.

ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്ന് വെച്ച് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹോം ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാവും. കുടുംബത്തില്‍ ആരെങ്കിലും ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുടുംബക്കാരെയെല്ലാം പിടിച്ചുകൊണ്ട് പോവുമോ? അങ്ങനെയാണെങ്കിലും അത് ആരോപണമായി നില്‍ക്കുകയല്ലേ, അതില്‍ വിധിയൊന്നും വന്നിട്ടില്ലല്ലോ.

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ അധ്വാനത്തെ കണ്ടില്ലയെന്ന് നടിച്ചതില്‍ നിരാശയുണ്ട്. അവര്‍ക്ക് സിനിമയുടെ പിന്നിലെ ചതിക്കുഴിയൊന്നും അറിയില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Content Highlight: vd satheesan appreciate joju george for winning the award as best actor

We use cookies to give you the best possible experience. Learn more