കോട്ടയം: സൗമ്യത കൊണ്ട് ജനങ്ങളുടെ മനസ് പിടിച്ചെടുത്ത നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അനുസ്മരിച്ചു. വിനയവും സൗമ്യസ്വഭാവമുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. കാര്യക്ഷമതയുടെ പ്രതീകമാണ് അദ്ദേഹം.
രാഷ്ട്രീയ കേരളത്തിന് ഇത് തീരാനഷ്ടമാണ്. നികത്താന്‍ സാധിക്കാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും സുധാകരന്‍ പറഞ്ഞു.
‘സ്‌നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകന്‍ ഉമ്മന്‍ ചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികള്‍’ എന്നാണ് കെ. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുസ്മരിച്ചു. ‘തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു.
കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു,’ വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്… സാന്ത്വനവും പ്രതീക്ഷയുമായിരുന്നു… പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല… തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു.
കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല.
അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട
Content Highlights: VD satheesan and k sudhakaran comments about oommen chandy