| Friday, 14th June 2024, 7:39 pm

മന്ത്രിക്ക് കുവൈത്തിലേക്ക് പോകാന്‍ സൗകര്യമൊരുക്കുന്നതിന് പകരം കേന്ദ്രം അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരം: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കുവൈത്തിലേക്ക് പോകാന്‍ പെളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിദേശ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ അവിടെ ഉണ്ടാവേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളും കുവൈത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവിടെയുള്ള മലയാളികളെയെല്ലാം ഏകോപിപ്പിച്ച് കൊണ്ട് കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ സാധിക്കുമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പോകാനുള്ള തീരുമാനമെടുത്തപ്പോള്‍ അതിനുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. സംസ്ഥാനത്തെ ആരോഗ്യ മന്ത്രിക്ക് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കൊണ്ട് അപകടമുണ്ടായ സ്ഥലത്തേക്ക് പോകാന്‍ സാധിക്കാതിരുന്നത് വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ്,’വി.ഡി. സതീശന്‍ പറഞ്ഞു.

മന്ത്രിയുടെ യാത്ര മുടക്കിയത് വഴി തെറ്റായ സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമില്ലാത്ത സമീപനം സ്വീകരിച്ചതിനോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാരിന്റെ സാന്നിധ്യം വേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഔചിത്യമില്ലായ്മായാണെന്നാണ് ലോക കേരളസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. സാന്നിധ്യമറിയിക്കുന്നതും ആശ്വസിപ്പിക്കുന്നതും നാടിന്റെ പൊതുമര്യാദ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്ദര്‍ശിക്കുന്നതാണ് നാടിന്റെ സംസ്‌കാരം. ഞങ്ങള്‍ എല്ലാം ചെയ്തു പിന്നെന്തിനാണ് നിങ്ങള്‍ പോകുന്നതെന്ന് ചിലര്‍ ചോദിച്ചു. സാന്നിധ്യമറിയിക്കുന്നതും, ആശ്വസിപ്പിക്കുന്നതും നാടിന്റെ പൊതുമര്യാദയാണ്. സംസ്ഥാനത്തിന്റെ സാന്നിധ്യം വേണ്ടെന്ന കേന്ദ്രത്തിന്റെ തീരുമാനം ഔചിത്യമില്ലായ്മയാണ്. മരിച്ച വീട്ടില്‍ പോകുന്നത് ആശ്വസിപ്പിക്കാനാണ്. ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മന്ത്രിയുടെ യാത്രാ അനുമതി നിഷേധിക്കുകയാണ് ചെയ്തത്,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: vd satheesan against union government on veena george political clearance issue

We use cookies to give you the best possible experience. Learn more