ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നോ: വി.ഡി. സതീശന്‍
Kerala
ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നോ: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th July 2022, 1:08 pm

തിരുവനന്തപുരം: കണ്ണൂര്‍ ഇരിട്ടിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി അസം സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം.

ബോംബ് നിര്‍മാണങ്ങള്‍ സി.പി.ഐ.എം നേതൃത്വം അറിഞ്ഞുകൊണ്ടാണെന്നായിരുന്നു സി.പി.ഐ.എം കേന്ദ്രങ്ങളിലുണ്ടായ സ്‌ഫോടനങ്ങളെ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം ആരോപിച്ചത്.

സംഭവത്തില്‍ അന്വേഷണം നടക്കുന്നു എന്ന് പറയുകയല്ലാതെ ആര് ആര്‍ക്ക് വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്. വര്‍ഗീയ ശക്തികളെക്കുറിച്ച് ഒരു സംശയവും പ്രതിപക്ഷത്തിന് ഇല്ലെന്നും അവരെ കുറിച്ച് നോട്ടീസില്‍ പറയാത്തത് എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സംസാരിച്ചതെന്നും മുഖ്യമന്ത്രിക്ക് ഇതൊന്നും ഒരു വിഷയമേ അല്ലെന്നും ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ പാര്‍ട്ടി രക്തസാക്ഷികളാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

ഇവിടെ ഞങ്ങളുടെ ചോദ്യം എന്ന് പറയുന്നത് സി.പി.ഐ.എമ്മുകാരുടെ വീട്ടില്‍ ബോംബ് പൊട്ടിത്തെറിച്ചാലും ആര്‍.എസ്.എസുകാരന്റെ വീട്ടില്‍ ബോംബ് പൊട്ടിത്തെറിച്ചാലും ആര് ബോംബുണ്ടാക്കിയാലും, ആ ബോംബ് പൊട്ടിത്തെറിച്ച് ഒരു സ്‌ഫോടനം ഉണ്ടാകുമ്പോള്‍ അത് ആരാണ് ഉണ്ടാക്കിയത്, ആരാണ് അതിനകത്ത് പ്രതികള്‍ എന്ന് കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണ്ടേ? എത്ര കേസുകളാണ്.

ഒരു പൊലീസ് നായയേയും കൊണ്ട് തെക്കുവടക്ക് നടക്കുകയാണ്. പ്രതികളെപ്പോലും പിടിക്കാന്‍ കഴിയാത്ത എത്രയോ കേസുകള്‍ ഇതുപോലെയുണ്ട്. ഇത് ആവര്‍ത്തിക്കുകയാണ്. എത്ര നിരപരാധികളായ മനുഷ്യരാണ് കൊലചെയ്യപ്പെടുന്നത്.

ഇരിക്കൂറിലെ കുടിയാന്‍മലയില്‍ ഒരു വീട്ടില്‍ ബോംബ് സ്‌ഫോടനം ഉണ്ടായപ്പോള്‍ രണ്ട് പേര്‍ മരിച്ചു. ഒരുപാട് പേര്‍ക്ക് പരിക്ക് പറ്റി. അന്ന് പാര്‍ട്ടിക്ക് ഇതിന് ബന്ധമില്ലെന്ന് സി.പി.ഐ.എം പറഞ്ഞു. പിന്നീട് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ശ്രീകണ്ഠാപുരത്തെത്തി മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായഫണ്ടും പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായഫണ്ടും നല്‍കിയ ശേഷം പറഞ്ഞത് ഇവര്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായി എന്നാണ്.

ബോംബുണ്ടാക്കുന്നതിന്റെ ഇടയില്‍ കൊല്ലപ്പെട്ടവര്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായി എന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് മുഖ്യമന്ത്രിയുടെ റോളില്‍ ഇവിടെ വന്നിരുന്ന് ഞങ്ങള്‍ക്ക് സ്റ്റഡി ക്ലാസ് തന്നത്.

അങ്ങ് കൊലചെയ്യപ്പെട്ട സി.പി.ഐ.എമ്മുകാരുടെ കഥ മുഴുവന്‍ ഇവിടെ പറഞ്ഞു. സര്‍, എത്ര കോണ്‍ഗ്രസുകാരാണ് കണ്ണൂരില്‍ കൊലചെയ്യപ്പെട്ടത്. അങ്ങ് മുഖ്യമന്ത്രിയായ ശേഷം പോലും 19 വയസും 22 വയസുമുള്ള കുട്ടികളെ ശിരസില്‍ മഴുകൊണ്ട് വെട്ടി കൊന്നില്ലേ. ആ കൃപേക്ഷിനേയും ശരത് ലാലിനേയും ഷുഹൈബിനെ കൊന്നത് എങ്ങനെയാണ്? ഷുക്കൂറിനെ കൊന്നത് എങ്ങനെയാണ്.

മക്കളെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വേദനയാണ്. ഇവരൊക്കെ മക്കളല്ലേ 17 ഉം 18 ഉം വയസുള്ള മക്കളെ എത്ര ക്രൂരമായിട്ടാണ് കൊന്നത്. ചന്ദ്രശേഖരനെ കൊന്നത് എങ്ങനെയാണ്. അദ്ദേഹത്തിന്റെ വിധവയല്ലേ അവിടെ ഇരിക്കുന്നത്. അവരെ ഇപ്പോഴും നിങ്ങളുടെ നേതാക്കന്‍മാര്‍ അപമാനിക്കുകയല്ലേ.

നിങ്ങളുടെ പാര്‍ട്ടിയുടെ കൊടിയും പിടിച്ച് കുറേ നാള്‍ നടന്ന ആളല്ലായിരുന്നോ, എങ്ങനെ കൊല്ലാന്‍ പറ്റുന്നു. 52 വെട്ടുവെട്ടി, മരിച്ചിട്ടും മുഖം വികൃതമാക്കി. അദ്ദേഹത്തിന്റെ വിധവ ഇവിടെ ഇരിക്കുന്നതുകൊണ്ട് ഞാന്‍ പറയുന്നില്ല. അതൊന്നും ഒരു മലയാളിയുടെ മനസില്‍ നിന്നും മാഞ്ഞുപോകില്ല.

എന്നിട്ടും ആ കൊലപാതകങ്ങള്‍ക്കൊക്കെ നേതൃത്വം കൊടുത്ത ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി അങ്ങ് വന്നിരുന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നു. എന്നിട്ട് ത്രിപുരയിലെ കാര്യം പറയുകയാണ്. നേരെ ഒറ്റപ്പോക്കാണ് ത്രിപുരയിലേക്ക്.

സാര്‍ ഇവിടെ കഴിഞ്ഞ മാസം ഒരു തെരഞ്ഞെടുപ്പ് നടന്നു. ഞങ്ങള്‍ ബി.ജെ.പിയുടെ കയ്യില്‍ നിന്ന് ഒരു സീറ്റ് തിരിച്ചുപിടിച്ച് ജയിച്ചു. ത്രിപുരയില്‍ നിങ്ങള്‍ മൂന്നാം സ്ഥാനത്താണ്. ഞങ്ങളൊന്നും അവിടെ ബി.ജെ.പിയുടെ പിറകെ പോയിട്ടില്ല. നിങ്ങള്‍ കല്‍ക്കട്ടയില്‍ പോയി അന്വേഷിക്ക് നിങ്ങളുടെ ഏരിയാ കമ്മിറ്റി ഓഫീസും ലോക്കല്‍ കമ്മിറ്റി ഓഫീസും ബി.ജെ.പി പിടിച്ചെടുത്തുവെന്ന്. നിങ്ങളുടെ എത്ര ജില്ലാ കമ്മിറ്റി ഓഫീസുകള്‍ ബി.ജെ.പി പിടിച്ചെടുത്തു എന്നൊന്ന് അന്വേഷിക്ക്, വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. ചാവശ്ശേരിക്കടുത്ത് നെലിയാട്ട് ക്ഷേത്രത്തിന് സമീപമുള്ള മടത്തില്‍ വീട്ടില്‍ ഉണ്ടായ സ്ഫോടനത്തിലായിരുന്ന അസം സ്വദേശികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടത്.

ഒരു വര്‍ഷമായി ഇവിടെ വാടകക്ക് താമസിച്ച് വരുന്ന അഞ്ച് അംഗങ്ങളും ആസാം സ്വദേശികളാണ്. അച്ഛനും രണ്ട് മക്കളും മറ്റ് രണ്ട് പേരുമാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ എല്ലാ ദിവസവും സൈക്കിളില്‍ വലിയ ചാക്കുകളില്‍ കുപ്പികളും മറ്റും പൊറുക്കി വിട്ടിലെത്തി വേര്‍തിരിച്ച് താജുദ്ദീനെന്ന കരാറുകാരന് കൊടുക്കുകയാണ് പതിവ്. കുപ്പി പൊറുക്കുന്നതിനിടയില്‍ സ്റ്റീല്‍ ബോംബ് ഇവര്‍ക്ക് ലഭിച്ചതായാണ് വിവരം.

വൈകിട്ടോടെ വീട്ടിലെത്തിയ അച്ഛനും മകനും വീടിന്റെ രണ്ടാം നിലയില്‍ കയറി പാത്രം തുറക്കുന്നതിനിടെ ഉഗ്രസ്ഫോടനത്തോടെ പൊട്ടിതെറിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ചു തന്നെ ഫസല്‍ ഹഖ് മരിച്ചു. മൂത്തമകന്‍ ഷാഹുദുളിനെ സഹതാമസക്കാരും ഓടിക്കൂടിയെത്തിയ നാട്ടുകാരും മട്ടന്നൂര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

Content Highlight: VD Satheesan against Pinarayi Vijayan on Kannur Bomb Blasting Issue