തിരുവന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തുറുപ്പ് ചീട്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമം നടപ്പായാല്‍ മുഖ്യമന്ത്രി പറയുന്നത് പോലെ ഒരു സംസ്ഥാനത്തിനും മാറി നില്‍ക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സി.എ.എക്കെതിരെ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം തുടരുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട നൂറ് കണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
‘ സര്‍ക്കാര്‍ സി.എ.എ നിയമം കൊണ്ടുവന്ന സംഘ്പരിവാറിന്റെ കൂടെയാണോ. അതു കൊണ്ടാണോ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്. എന്ത് ആത്മാര്‍ത്ഥതയാണ് വിഷയത്തില്‍ സര്‍ക്കാരിനുള്ളത്,’ വി.ഡി. സതീശന്‍ ചോദിച്ചു.
അതേസമയം, സി.എ.എക്കെതിരെ ശക്തമായ സമരം തുടരുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി തീരുമാനമെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജ്ഭവനിലേക്ക് ബുധനാഴ്ച കോണ്‍ഗ്രസ് ധര്‍ണ നടത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോരാട്ടം ശക്തമാക്കുമെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം തുടരാന്‍ തീരുമാനം എടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ നിയമ നടപടികള്‍ക്കായി സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സി.എ.എ ഭരണഘടനാ വിരുദ്ധമാണെന്നും ഒരു കാരണവശാലും സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
അതേസമയം, എല്‍.ഡി.എഫും യു.ഡി.എഫും ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പ്രീണന ശ്രമമാണ് നടത്തുന്നതെന്നാണ് ബി.ജെ.പി ആരോപിച്ചത്. സി.എ.എ നിയമം നടപ്പാക്കുന്നതില്‍ യാതൊരു പ്രശ്‌നമില്ലെന്നും അവര്‍ അവകാശപ്പെട്ടു.
Content Highlight: vd satheesan against pinarayi vijayan on caa