വര്‍ഗീയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തില്ല; നാര്‍ക്കോട്ടിക് വിവാദത്തില്‍ സര്‍ക്കാരിന്റേത് കള്ളക്കളിയെന്ന് വി.ഡി. സതീശന്‍
Kerala
വര്‍ഗീയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തില്ല; നാര്‍ക്കോട്ടിക് വിവാദത്തില്‍ സര്‍ക്കാരിന്റേത് കള്ളക്കളിയെന്ന് വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd September 2021, 12:49 pm

കൊച്ചി: നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്തിനാണെന്നും വര്‍ഗീയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ നടപടി എടുത്തില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്നാണ് പാലാ ബിഷപ്പിനെ കണ്ടശേഷം മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്. വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്നിനാണ്? ഇതില്‍ സി.പി.ഐ.എമ്മിനും സര്‍ക്കാരിനും കള്ളക്കളിയുണ്ട്.

സമുദായ നേതാക്കളുടെ യോഗം വിളിച്ച് അവരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് ഈ പ്രശ്നം അവസാനിപ്പിക്കാം. എന്തുകൊണ്ട് സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പത്ത് ദിവസം മുന്‍പ് നടത്തിയ പ്രസ്താവന വള്ളി പുള്ളി വിടാതെ മുഖ്യമന്ത്രിക്ക് ആവര്‍ത്തിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പാര്‍ട്ടി സെക്രട്ടറി വിജയരാഘവനും മന്ത്രി വാസവനും പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ?

വര്‍ഗീയതക്കെതിരെ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷത്തിന്റേത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ ആര് നടത്തിയാലും മുഖത്ത് നോക്കി അത് തെറ്റാണെന്ന് പറയാന്‍ ഭയമില്ല. ഇതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ഒരു ശ്രമവും നടത്തുന്നില്ല.

മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ. പ്രസ്താവന നടത്താനല്ല പ്രവര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത്. പ്രശ്ന പരിഹരത്തിനുള്ള അന്തരീക്ഷം പ്രതിപക്ഷം ഉണ്ടാക്കിയിട്ടുണ്ട്. അത് സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും അന്തരീക്ഷമാണ്. സര്‍ക്കാരിന് വേണമെങ്കില്‍ ആ സാഹചര്യം പ്രയോജനപ്പെടുത്താം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഈ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പച്ച വെള്ളത്തിന് തീപിടിപ്പിക്കുന്ന പ്രചരണം സമൂഹമാധ്യമങ്ങളിലെ വ്യജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഇതുവരെ ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ല. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞവര്‍ വീട്ടില്‍ സുരക്ഷിതരായി ഇരിക്കുന്നു.

കേരളത്തില്‍ സൈബര്‍ പോലീസ് എന്തിനാണ്? ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിക്ഷം നല്‍കിയ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പി ശൈലി കോണ്‍ഗ്രസ് ഏറ്റെടുത്തെന്ന സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ പ്രതികരണവുമായി വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഈ വിഷയത്തില്‍ സ്വന്തം അഭിപ്രായം പോലുമില്ലാത്ത ആളാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെന്നും സ്വന്തം അഭിപ്രായം പറഞ്ഞാല്‍ മറുപടി പറയാന്‍ തയ്യാറാണെന്നും സതീശന്‍ പറഞ്ഞിരുന്നു.

വിവാദത്തെക്കുറിച്ച് സി.പി.ഐ.എമ്മിന് വ്യക്തമായ നിലപാടില്ല. രണ്ട് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയെന്നത് സംഘപരിവാറിന്റെ അജന്‍ഡയാണ്. ഈ സംഘര്‍ഷം കുറച്ചുകാലം കൂടി തുടരട്ടെയെന്നാണ് സി.പി.ഐ.എമ്മിന്റെ നയം. വര്‍ഗീയ ചേരിതിരിവ് ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടക്കാത്തതിനാലാണ് കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്.

പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ പ്രതിപക്ഷം പിന്തുണ നല്‍കും. സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത ഏക സര്‍ക്കാര്‍ കേരളത്തിലേതാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VD Satheesan against Pinarayi Vijayan Narcotic Jihad