| Wednesday, 29th May 2024, 4:41 pm

ആരോപണം ഉയരുമ്പോള്‍ മിണ്ടാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടി, മകള്‍ക്കെതിരായ ആരോപണങ്ങളില്‍ മറുപടി നല്‍കണം: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്നും അതിലേക്ക് കോടിക്കണക്കിന് പണം എത്തിയെന്നുമുള്ള ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘വളരെ ഞെട്ടിക്കുന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. വിദേശത്ത് മുഖ്യമന്ത്രിയുടെ മകള്‍ക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ക്കും ജോയിന്റായി ഒരു അക്കൗണ്ട് ഉണ്ട്. ആ അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേര്‍സില്‍ നിന്നും എസ്.എന്‍.സി ലാവ്നില്‍ നിന്നും പണം വന്നെന്നാണ് ആരോപണം. ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടോ ഇല്ലയോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. ഈ അക്കൗണ്ടിലേക്ക് ആരോപണം ഉയര്‍ന്നത് പോലെ പ്രധാനപ്പെട്ട വ്യക്തികളില്‍ നിന്നും പണം വന്നിട്ടുണ്ടോയെന്നും അദ്ദേഹം വ്യക്തമാക്കണം,’ വി.ഡി. സതീശന്‍ പറഞ്ഞു.

ആരോപണങ്ങള്‍ ശരിയാണോ അല്ലയോ എന്ന് പറയേണ്ടത് മുഖ്യമന്ത്രി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ മകളുടെ പേരില്‍ അത്തരമൊരു അക്കൗണ്ട് ഉണ്ടെന്നും അതിലേക്ക് ഇത്തരം കമ്പനികളില്‍ നിന്ന് പണം വരുന്നുണ്ടെന്നും പറഞ്ഞാല്‍ അതൊരു ഗുരുതര ആരോപണമാണ്. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല അതിന്റെ അപ്പുറത്തേക്കും കാര്യങ്ങളെത്തി. അപ്പോള്‍ ആരോപണങ്ങള്‍ ശരിയാണോ അല്ലയോ എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തെറ്റാണെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നിയമനടപടി സ്വീകരിക്കാം. അസാധാരണ ആരോപണം വന്നാല്‍ മിണ്ടാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയാണ്. മൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കാറാണ് അദ്ദേഹത്തിന്റെ സ്ഥിരം പതിവ്. എന്നാല്‍ ഈ കാര്യത്തില്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യുമ്പോള്‍ ആരോപണങ്ങള്‍ ശരിയാണ് എന്ന നിലയിലായി മാറും. അതിനാല്‍ എത്രയും പെട്ടന്ന് മുഖ്യമന്ത്രി ആരോപണങ്ങളില്‍ മറുപടി പറയണം,’ വി.ഡി. സതീശന്‍ പറഞ്ഞു.

വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ആരോപിച്ച് ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി. സതീശന്റെ പ്രതികരണം. എസ്.എന്‍.സി ലാവ്‌ലിന്‍, പി.ഡബ്ല്യൂ.സി എന്നീ കമ്പനികള്‍ ഈ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നാണ് ഷോണ്‍ ജോര്‍ജ് ആരോപിച്ചത്. വിദേശ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും അതില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹരജി നല്‍കുകയും ചെയ്തു.

Content Highlight: vd satheesan against pinarayi vijayan

We use cookies to give you the best possible experience. Learn more