| Sunday, 19th September 2021, 4:49 pm

നമോ ടി.വിയെന്ന് പറയുന്ന ഒന്നില്‍ ഒരു പെണ്‍കുട്ടി പച്ചത്തെറി പറയുകയാണ്, വേറൊരു നാട്ടിലും ഇത് സമ്മതിക്കില്ല; സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്ന് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും വി. ഡി. സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

നമോ ടി.വി എന്ന ഓണ്‍ലൈന്‍ ചാനലിനെ പേരെടുത്തു പറഞ്ഞായിരുന്നു വി. ഡി. സതീശന്റെ പ്രതികരണം. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘സൈബറിടങ്ങളിലെ പ്രചാരണമാണ് പ്രശ്നം വഷളാക്കുന്നത്. സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടു. ഒരു നടപടിയുമില്ല. നമോ ടി.വിയെന്ന് പറയുന്നൊരു വീഡിയോ കണ്ടു. ഒരു പെണ്‍കുട്ടി വന്ന് പച്ചത്തെറി പറയുകയാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.

‘സൈബര്‍ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രഹാമിന് ഞാനത് അയച്ചുകൊടുത്തു. ഒരു നടപടിയുമില്ല. വെളളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്താനം പറഞ്ഞ് കേരളത്തിലെ സാമൂഹ്യാന്തരക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വേറൊരു നാട്ടിലും ഇത് സമ്മതിക്കില്ല. ഇവിടെ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നിക്കുകയാണ്. നിലപാട് ഇല്ലായ്മയാണ് ഈ സര്‍ക്കാരിന്റെ നിലപാട്. ഓരോ വിഭാഗത്തിലും പെട്ട ആളുകളെ പോയി കണ്ടിട്ട് പുറത്തിറങ്ങിവന്ന് അവരെ സന്തോഷിപ്പിക്കുന്ന വര്‍ത്തമാനമാണോ നമ്മള് പറയേണ്ടത്?’ എന്നും വി.ഡി.സതീശന്‍ പറഞ്ഞു.

തികഞ്ഞ വര്‍ഗീയവും അശ്ലീലവുമായ പരാമര്‍ശമായിരുന്നു നമോ ടി.വി എന്ന യൂട്യൂബ് ചാനലിലൂടെ പെണ്‍കുട്ടി നടത്തിയത്. ഇതിന് മുമ്പും പെണ്‍കുട്ടി സമാനമായ തരത്തില്‍ വീഡിയോ അവതരിപ്പിച്ചിരുന്നു.

അതേസമയം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ എല്ലാ മതനേതാക്കളുടെയും സംയുക്ത യോഗം വിളിക്കുമെന്നും സമൂഹത്തില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇടപെട്ടതെന്നും കെ. സുധാകരന്‍ പറഞ്ഞു.

ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ പല തവണ കത്തയച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. മന്ത്രി ബിഷപ്പിനെ മാത്രമാണ് കാണാന്‍ തയ്യാറായതെന്നും എല്ലാ മതനേതാക്കളുമായും ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മന്ത്രി വാസവന്റേത് നിരുത്തരവാദിത്തപരമായ സമീപനമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‌ന പരിഹാരത്തിന് ഇടപെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  VD Satheesan Against NAMO TV

We use cookies to give you the best possible experience. Learn more