തിരുവനന്തപുരം: നിയമസഭയില്‍ വൈദ്യുതി മന്ത്രി എം.എം മണിയ്‌ക്കെതിരെ വി.ഡി സതീശന്‍ എം.എല്‍.എ. എം.എം മണിക്ക് വൈദ്യുതി വകുപ്പ് നല്‍കിയപ്പോള്‍ താന്‍ നെറ്റി ചുളിച്ചിരുന്നു. അത് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്. മന്ത്രി എം.എം മണി തന്നെനോക്കി പരിഹാസ ചേഷ്ടകാണിച്ചെന്നു പറഞ്ഞായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.
“മന്ത്രി എം.എം മണി എന്നെനോക്കി പരിഹാസത്തോടുകൂടി ചേഷ്ടകാട്ടി. അദ്ദേഹം നല്ല ഒരു പൊതുപ്രവര്‍ത്തകനാണ്. നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാണ്. മന്ത്രിയായപ്പോള്‍ സന്തോഷിച്ചയാളാണ് ഞാന്‍. പക്ഷേ വൈദ്യുതി വകുപ്പ് അദ്ദേഹത്തിനു കൊടുത്തപ്പോള്‍ ഞാനന്ന് നെറ്റി ചുളിച്ചു. ആ നെറ്റി ചുളിച്ചത് ശരിയാണ് എന്ന് ഇന്ന് ഈ കാര്യങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നു” എന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്.
സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് വി.ഡി സതീശന്‍ സംസാരിച്ചത്. കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിത ദുരന്തമാണ്. ഡാം മാനേജ്‌മെന്റിന്റെ പ്രഥമികപാഠനം അറിയാത്തവര്‍ വരുത്തിവച്ചതാണിത്. വെള്ളം തുറന്നുവിടാന്‍ 20 ദിവസമുണ്ടായിട്ടും സര്‍ക്കാര്‍ ചലനമറ്റു നിന്നു. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ രണ്ടുദിവസം സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു പോലും അനങ്ങിയില്ല. വെള്ളമിറങ്ങിയശേഷമാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. സേനാവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയില്ല. സുഖമില്ലാത്തവരെപ്പോലും ആശുപത്രിയിലെത്തിക്കാന്‍ സംവിധാനമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരുമിച്ച് ഡാം തുറന്നുവിട്ടതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്. വേലിയേറ്റ സമയത്ത് അണക്കെട്ട് തുറന്നതാണ് തന്റ മണ്ഡലമായ പറവൂര്‍ അടക്കമുള്ളവയെ വെള്ളത്തിലാഴ്ത്തിയത്. കുറ്റകരമായ അനാസ്ഥയുടെ ദുരന്തമാണ് കേരളത്തില്‍ നടന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.