മദ്യനയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന മന്ത്രിമാരുടെ വാദം പച്ചക്കള്ളം: വി.ഡി. സതീശന്‍
Kerala News
മദ്യനയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന മന്ത്രിമാരുടെ വാദം പച്ചക്കള്ളം: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2024, 12:43 pm

തിരുവന്തപുരം: മദ്യനയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന മന്ത്രിമാരുടെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മദ്യനയത്തില്‍ ടൂറിസം വകുപ്പിന്റെ റോളടക്കം നിരവധി ചോദ്യങ്ങള്‍ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.

‘എന്തുകൊണ്ടാണ് അബ്കാരി പോളിസി തീരുമാനിക്കേണ്ട എക്‌സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മദ്യനയത്തില്‍ ഇടപെട്ടെത്. മദ്യനയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷും, പി. രാജീവും കള്ളം പറഞ്ഞത് എന്തിനാണ്. എക്‌സൈസ് മന്ത്രിയായ എം.ബി. രാജേഷ് ഡി.ജി.പിക്ക് പരാതി നല്‍കിയത് അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനല്ലേ. കെ.എം. മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മാതൃക പിന്തുടരാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ തയ്യാറാവാത്തത്. രണ്ട് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം വെടിയാത്തത്,’ വി.ഡി. സതീശന്‍ ചോദിച്ചു.

ഈ ചോദ്യങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി അന്വേഷിക്കുന്നതിന് പകരം വാര്‍ത്ത എങ്ങനെ പുറത്ത് പോയെന്ന് മാത്രമാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. ഇതിന് മുമ്പും എന്ത് ആരോപണങ്ങള്‍ ഉയര്‍ന്നാലും അതിനെ പറ്റി അന്വേഷിക്കുന്നതിന് പകരം വാര്‍ത്ത എങ്ങനെ പുറത്ത് വന്നെന്ന കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പൊലീസ് അന്വേഷണം വെറും പ്രഹസനമാണ്. ഈ രണ്ട് മന്ത്രിമാരും രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടത്. കെട്ടിട നിര്‍മാണത്തിന് വേണ്ടിയുള്ള പിരിവല്ല നടന്നതെന്ന് പുറത്തുവന്ന സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് ശേഷം അബ്കാരി പോളിസിയിൽ മാറ്റം വരുത്താമെന്നാണ് ബാറുടമകൾക്ക് ലഭിച്ച ഓഫർ. ഇതിനെ പറ്റി അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയുന്നതിന് പകരം മന്ത്രിമാർ എന്തിനാണ് കള്ളം പറയുന്നത്,’ വി.ഡി. സതീശന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ന്ന് വന്നത്. ഓരോ ബാറുടമയും രണ്ട് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ സെക്രട്ടറി അനിമോൻ അയച്ച സന്ദേശമാണ് പുറത്ത് വന്നത്.

Content Highlight: vd satheesan against liquor policy case