| Friday, 21st January 2022, 11:47 am

സി.പി.ഐ.എം നേതാക്കള്‍ രോഗം വിതരണം ചെയ്യുന്നു; കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം പാര്‍ട്ടി സമ്മേളനം നടത്താന്‍: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സി.പി.ഐ.എമ്മിന് പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായി കൊവിഡ് ചട്ടങ്ങള്‍ അട്ടിമറിക്കുകയാണെന്നും പാര്‍ട്ടി സമ്മേളനങ്ങളിലൂടെ നിരവധി പേര്‍ക്ക് രോഗം പടരുന്നുണ്ടെന്നും നേതാക്കള്‍ വിവിധ ജില്ലകളിലെത്തി രോഗം പടര്‍ത്തുകയാണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

”കൊവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തിയും സൗകര്യത്തിനനുസരിച്ച് വളച്ചൊടിച്ചും സി.പി.ഐ.എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ നടത്താനുള്ള സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇതുവരെയുള്ള നിയന്ത്രണങ്ങള്‍ മുഴുവന്‍ ടി.പി.ആറിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്നലെ പെട്ടെന്ന് ഒരു മാറ്റമുണ്ടായിരിക്കുകയാണ്. കാറ്റഗറി എ, കാറ്റഗറി ബി, കാറ്റഗറി സി.

ഇന്ന് സമ്മേളനം തുടങ്ങുന്ന തൃശൂര്‍ ജില്ലയും കാസര്‍ഗോഡ് ജില്ലയും ഇതില്‍ ഒരു കാറ്റഗറിയിലുമില്ല. അതായത് അവിടെ നിയന്ത്രണങ്ങള്‍ ബാധകമല്ല.

യഥാര്‍ത്ഥത്തില്‍ കാസര്‍ഗോഡ് ഇന്നലത്തെ ടി.പിആര്‍ 36 ആണ്. തൃശൂരില്‍ അത് 34 ആണ്. ടി.പി.ആര്‍ ഇത്രമാത്രം വര്‍ധിച്ചിരിക്കുന്ന ഈ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തി, 300ഉം 500ഉം 600ഉം ആളുകള്‍ കൂടുന്നത് ഈ രോഗത്തെ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് സഹായകരമാകും.

തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്ന മന്ത്രി, എം.എല്‍.എമാര്‍, നൂറ് കണക്കിന് നേതാക്കള്‍ എന്നിവര്‍ക്കെല്ലാം വ്യാപകമായി കൊവിഡ് ബാധിച്ചു. പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍ ക്വാറന്റൈനില്‍ പോവാതെ ഓരോ ജില്ലകളിലും രോഗവാഹകരായി നടന്ന് രോഗം വിതരണം ചെയ്യുകയാണ്.

പാര്‍ട്ടിക്ക് വേണ്ടി കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യമാണ്,” പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: VD Satheesan against Kerala government’s covid restrictions which allows CPIM to have their party congress

We use cookies to give you the best possible experience. Learn more