'കാലം കണക്കു ചോദിക്കാതെ കടന്നുപോയിട്ടില്ല, പൊതുസമൂഹത്തിന് മുന്നില്‍ തലകുനിച്ച് നടക്കേണ്ടി വന്ന മുഖ്യമന്ത്രിയെ വിവാദങ്ങളില്‍ നിന്നും രക്ഷിക്കാനാണ് സി.പി.ഐഎമ്മും പൊലീസിലെ ഉന്നതരും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്: വി.ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് കള്ളക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാര്‍ മെനഞ്ഞ കള്ളക്കഥകള്‍ കോടതി വിശ്വസിക്കാതിരുന്നതില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ പൊതുസമൂഹത്തിന് മുന്നില്‍ തലകുനിച്ച് നടക്കേണ്ടി വന്ന മുഖ്യമന്ത്രിയെ ഈ വിവാദങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്, സി.പി.ഐ.എം നേതാക്കളും പൊലീസ് തലപ്പത്തെ ഉന്നതരും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഈ ചെറുപ്പക്കാരെ എന്നെന്നേക്കുമായി ജയിലില്‍ അടയ്ക്കാന്‍ പൊലീസും സി.പി.ഐ.എം നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിലൂടെ ഇല്ലാതായത്.
വിമാനത്തിലുണ്ടായിരുന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും സി.പി.ഐ.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി ഇറങ്ങിപോയ ശേഷമാണ് യുവാക്കള്‍ പ്രതിഷേധിച്ചതെന്ന് ആദ്യം പറഞ്ഞെങ്കിലും ദുഷ്ടലാക്കോടെയാണ് പിന്നീട് മാറ്റിപ്പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ പൊതുസമൂഹത്തിന് മുന്നില്‍ തലകുനിച്ച് നടക്കേണ്ടി വന്ന മുഖ്യമന്ത്രിയെ ഈ വിവാദങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്, സി.പി.ഐ.എം നേതാക്കളും പൊലീസ് തലപ്പത്തെ ഉന്നതരും ചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കള്ളക്കഥ മെനഞ്ഞത്.
പക്ഷെ ഈ കള്ളക്കഥയും ഗൂഢാലോചനയുമൊന്നും നീതിന്യായ വ്യവസ്ഥയെ സ്വാധീനിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് മാനേജര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വാക്കുതര്‍ക്കമെന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടു നല്‍കിയ റിപ്പോര്‍ട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്‍പ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജരെ സമ്മര്‍ദ്ദത്തിലാക്കി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കിയത് പൊലീസ് അസോസിയേഷന്റെ മുന്‍ ഭാരവാഹിയായ എ.സി.പിയുടെ നേതൃത്വത്തിലായിരുന്നു.
ഈ റിപ്പോര്‍ട്ടിനെതിരെ ഇന്‍ഡിഗോയ്ക്ക് നല്‍കിയ പരാതിയിലും കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ വകവരുത്താന്‍ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കടന്ന ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയ പൊലീസാണ് വിമാനത്തില്‍ മുഖ്യമന്ത്രി ഇറങ്ങിപ്പോയ ശേഷം രണ്ടു വരി മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കൊലപാതക കുറ്റവും ഭീകരപ്രവര്‍ത്തനവും ചുമത്തി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചത്.
ഞങ്ങളുടെ കുട്ടികളെ ചവിട്ടി താഴെയിട്ട് മൃഗീയമായി മര്‍ദ്ദിച്ച ഇ.പി. ജയരാജനെതിരെ കേസെടുക്കാനും ഈ പൊലീസ് തയാറായിട്ടില്ല. സി.പി.ഐ.എമ്മിന്റെ ഗുണ്ടാസംഘത്തെ പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍, ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിയും ഗ്രനേഡും ജലപീരങ്കിയും തിരിക്കുന്നതിന് മുമ്പ്, നീതിയും നിയമവും ആണോ നടപ്പാക്കുന്നതെന്ന് കൂടി ആലോചിക്കണം.
പ്രതിഷേധിച്ച ഈ ചെറുപ്പക്കാര്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന പച്ചക്കള്ളം ഇ.പി. ജയരാജന്‍ പലകുറി ആവര്‍ത്തിച്ചു. വൈദ്യപരിശോധനയില്‍ ഇവര്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടും അപകീര്‍ത്തികരമായ പ്രസ്താവന തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ ഭരണ മുന്നണി കണ്‍വീനര്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.
സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ആരോപണങ്ങളില്‍ മുഖം നഷ്ടമായ സി.പി.ഐ.എമ്മും സര്‍ക്കാരും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഞങ്ങളുടെ പ്രതിഷേധങ്ങളെ ഇനിയും ചോരയില്‍ മുക്കാമെന്ന് കരുതേണ്ട.
‘ഒരു ചുക്കും ചെയ്യില്ലെന്ന’ ഫ്ളക്സ് ബോര്‍ഡുകള്‍ നാട്ടിലെങ്ങും ഉയര്‍ത്തിക്കെട്ടി മുഖ്യമന്ത്രിയെ വെളുപ്പിച്ചെടുക്കാനുള്ള ഈ വെപ്രാളം, കാലം നിങ്ങള്‍ക്കു വേണ്ടി കരുതി വച്ച നീതിയാണെന്ന് മറക്കരുത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നിങ്ങള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ ഇപ്പോഴും നിങ്ങളെ തന്നെയാണ് തുറിച്ച് നോക്കുന്നത്.
ടി.പിയുടെ കുടുംബത്തിന്റെയും യു.എ.പി.എ കേസില്‍പ്പെടുത്തി നിങ്ങള്‍ ഇല്ലാതാക്കന്‍ ശ്രമിച്ച രണ്ട് ചെറുപ്പക്കാരുടെയുമൊക്കെ കണ്ണുനീര്‍ ഇപ്പോഴും നിങ്ങള്‍ക്ക് മേലുണ്ട്. ഒരു കാലവും കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് മുന്നണി പോരാളികളെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഹൃദയാഭിവാദ്യങ്ങള്‍,’ വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: VD satheeshan against governement over arerst of youth congress persons