| Thursday, 6th July 2023, 3:47 pm

ദേശാഭിമാനി റെയ്ഡ് ചെയ്‌തോ, ചോദ്യം ചെയ്യലുണ്ടായോ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പൂട്ടിക്കാനുള്ള ശ്രമമെന്ന് സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരെയുള്ള വേട്ട നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഷാജന്‍ സ്‌കറിയക്കെതിരെയുള്ള കേസ് നടന്നോട്ടെയന്നും പക്ഷേ അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ വീട് റെയ്ഡ് ചെയ്യുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എതിര്‍ക്കുന്നവരെ മുഴുവന്‍ അടിച്ചൊതുക്കും എന്ന ഏകാധിപത്യത്തിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വേട്ട നടക്കുകയാണ്. അതായത് ചില സി.പി.ഐ.എം നേതാക്കളെ കൊണ്ട് ആരാണ് അടുത്ത ചെസ്റ്റ് നമ്പര്‍ എന്ന് പ്രഖ്യാപിച്ച് അവര്‍ക്കെതിരായുള്ള വേട്ടയാടലുകള്‍ തുടരുകയാണ്.

ഷാജന്‍ സ്‌കറിയക്കെതിരായിട്ടുള്ള കേസ് നടക്കട്ടേ. പക്ഷേ അതിന്റെ പേരില്‍ അവിടെയുള്ള മാധ്യമപ്രവര്‍ത്തകരുടെ വീട് റെയ്ഡ് ചെയ്യുക. അവിടെ നിന്ന് സാധനങ്ങള്‍ എടുത്തുകൊണ്ട് പോകുക. അടുത്ത ഓണ്‍ലൈന്‍ പൂട്ടിക്കുമെന്ന് പറയുക. ഓണ്‍ലൈന്‍ മുഴുവന്‍ പൂട്ടിച്ച് കഴിഞ്ഞാല്‍ മുഖ്യധാര മാധ്യമങ്ങളെയും നിലയ്ക്ക് നിര്‍ത്തുമെന്ന് പറയുക. വേണ്ടി വന്നാല്‍ ഗുണ്ടായിസം നടത്തുമെന്ന് പറയുക.

ഒരു സര്‍ക്കാര്‍ വന്ന് കേരളത്തിന്റെ ചരിത്രത്തില്‍ കാണാത്ത രീതിയില്‍, എതിര്‍ക്കുന്നവരെ മുഴുവന്‍ അടിച്ചൊതുക്കും എന്ന് പ്രഖ്യാപിക്കുന്ന ഏകാധിപത്യത്തിന്റെ ഏറ്റവും വലിയ നാളുകളിലൂടെയാണ് കേരളം പോകുന്നത്. ഞങ്ങള്‍ക്ക് പിണറായി വിജയനെ ഓര്‍മിപ്പിക്കാനുള്ളത് ഇത് സ്റ്റാലിന്റെ റഷ്യയല്ല. ഇത് ജനാധിപത്യ കേരളമാണ്. അതിശക്തമായ പ്രതിരോധമിവിടെയുണ്ടാകും,’ അദ്ദേഹം പറഞ്ഞു.

വ്യാജ വാര്‍ത്ത കൊടുത്ത ദേശാഭിമാനിക്കെതിരെ കേസെടുത്തോയെന്നും റിപ്പോര്‍ട്ടറെ ചോദ്യം ചെയ്‌തോയെന്നും സതീശന്‍ ചോദിച്ചു.

‘ഇവിടെ ഇരട്ട നീതിയാണ്. ഒരു സി.പി.ഐ.എം നേതാവിനെതിരെ കേസില്ല. ദേശാഭിമാനിയിലൊരു വ്യാജവാര്‍ത്ത വന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരായി പെണ്‍കുട്ടി മൊഴി കൊടുത്തെന്ന്. അത് കേട്ട് എം.വി ഗോവിന്ദന്‍ സുധാകരനെതിരായി ചന്ദ്രഹാസം മുഴക്കി. കുറച്ച് കഴിഞ്ഞപ്പോള്‍ അങ്ങനൊരു മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. വ്യാജ വാര്‍ത്ത കൊടുത്ത ദേശാഭിമാനിക്കെതിരെ കേസെടുത്തോ. വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കെ.പി.സി.സി പ്രസിഡന്റിനെതിരെ സംസാരിച്ച എം.വി ഗോവിന്ദനെതിരെ കേസെടുത്തോ.

ദേശാഭിമാനി റെയ്ഡ് ചെയ്‌തോ. ആ റിപ്പോര്‍ട്ട് എഴുതിയ ലേഖകനെ വിളിച്ച് ഒന്ന് ചോദ്യം ചെയ്‌തോ. ദേശാഭിമാനിക്കും കൈരളിക്കുമൊന്നും ഇത് ബാധകമല്ല. ഇത് ബാധകം അല്ലാത്തത് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കാണ്. തങ്ങള്‍ക്കെതിരായി വാര്‍ത്തകള്‍ കൊടുക്കുന്ന ഓണ്‍ലൈനുകള്‍ക്കെതിരായി അത് മുഴുവന്‍ അടച്ച് പൂട്ടിക്കും എന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്.

നിങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളെ ഒന്നിനെയും വെറുതെ വിടില്ല. അതുകൊണ്ട് നിങ്ങളുടെ മുന്നില്‍ ഒരു ഓപ്ഷനേയുള്ളൂ. ഒന്നുങ്കില്‍ സര്‍ക്കാരിനെതിരെയുള്ള യുദ്ധം നിര്‍ത്തുകയോ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കാതെയോ ഇരിക്കുക. ‘മന്നവേന്ദ്ര വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രനെ പോലെ’യെന്ന് പിണറായി വിജയനെ സ്തുതിക്കുന്ന ഗീതങ്ങള്‍ പാടി നിങ്ങള്‍ ബാക്കി കാലം പോകുക. അല്ലെങ്കില്‍ നിങ്ങളെയെല്ലാം പൂട്ടിക്കും എന്നാണ് ധിക്കാരത്തോടെയും ധാര്‍ഷ്ഠ്യത്തോടെയും കൂടി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.ഐ.എം പറയുന്നത്. അതിനെ ജനാധിപത്യം കേരളം ഒന്നിച്ച് നിന്ന് ചെറുക്കും,’ സതീശന്‍ പറഞ്ഞു

മാധ്യമങ്ങള്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നുണ്ടെന്നും വിമര്‍ശിക്കാനുള്ള അവരുടെ അവകാശത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: vd satheesan against government

We use cookies to give you the best possible experience. Learn more