| Monday, 18th November 2024, 12:39 pm

'മുഖ്യമന്ത്രിക്കും കെ. സുരേന്ദ്രനും ഒരേ ശബ്ദം'; പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിലാണ് വിമര്‍ശനം.

‘ദി ഹിന്ദു’ പത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രിയുടെണ് പരാമര്‍ശമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെയും കെ. സുരേന്ദ്രന്റെയും ശബ്ദം ഒരേപോലെയാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സാദിഖലി തങ്ങള്‍ മുന്‍ പാണക്കാട് തങ്ങളെ പോലെ അല്ലെന്നും, അദ്ദേഹം ജമാഅത്ത് ഇസ്‌ലാമിയുടെ പ്രവര്‍ത്തകനെന്ന നിലയിലാണ് മുന്നോട്ടുപോകുന്നതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

മുനമ്പം വിഷയത്തില്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുസ്‌ലിം സംഘടനകളെ ഒരുമിച്ചുനിര്‍ത്തി സാധാരണക്കാര്‍ക്ക് വേണ്ടി നിലയുറച്ച വ്യക്തിയാണ് തങ്ങളെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

ഒരു തരത്തിലും സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന നിലപാടുള്ള വ്യക്തി കൂടിയാണ് അദ്ദേഹമെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ക്കശമായ മതേതര നിലപാടെടുത്ത വ്യക്തിയെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചത്. ഓന്തിന്റെ നിറം മാറുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ നിലപാടുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാണ് പാലക്കാട് നടക്കാന്‍ പോകുന്നതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അപകടകരമായ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണം, മദ്യം എന്നിവയില്‍ വലിയ രീതിയില്‍ നികുതി തട്ടിപ്പ് നടക്കുകയാണ്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നങ്ങളെ മറയ്ക്കുന്നതിനായാണ് സര്‍ക്കാര്‍ ബി.ജെ.പിയുമായി ഒത്തുചേരുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബി.ജെ.പിയും സി.പി.ഐ.എമ്മും ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് നോക്കുന്നത്. പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തേണ്ട സി.പി.ഐ.എം, ആ അവസരം ഇല്ലാതാക്കിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ 10000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കെ. സുരേന്ദ്രന്റെ കണ്ടകശനി പരാമര്‍ശത്തിലും വി.ഡി. സതീശന്‍ മറുപടി നല്‍കി. കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് തന്നെ ശപിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയത്.

Content Highlight: vd satheesan against Chief Minister for remarks against Panakkad thangal

Latest Stories

We use cookies to give you the best possible experience. Learn more