കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റും താനും തമ്മില്‍ ഇതുവരെ വഴക്കുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരനോട് തനിക്കുള്ളതിനേക്കാള്‍ കൂടുതല്‍ സ്‌നേഹവും കരുതലും അദ്ദേഹത്തിന് തന്നോട് ഉണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഒരു അനിയനോടെന്ന പോലുള്ള വാത്സല്യം അദ്ദേഹത്തിന് തന്നോടുണ്ടെന്നും തങ്ങള്‍ ഒറ്റക്കിരിക്കുമ്പോഴോ ഒരു മീറ്റിങ്ങിലോ ഒരിക്കല്‍ പോലും വഴക്കിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രസ്തുത വാര്‍ത്താ സമ്മേളനം തന്റെ ഇമേജിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘ വിവാദ പത്ര സമ്മേളനത്തില്‍ എന്റെ ഭാഗത്ത് നിന്നും മോശമായ ഒരു വാക്ക് പോലുമുണ്ടായിട്ടില്ല. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ നേതാവിന്റെ ബോഡിലാംഗ്വേജ് വിശദീകരിക്കുന്നത്. തനിക്ക് ആദ്യം സംസാരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞപ്പോള്‍ അത് വേണോ എന്ന അര്‍ത്ഥത്തില്‍ നോക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അദ്ദേഹം വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മൈക്ക് നീക്കിവെച്ച് കൊടുത്തു. അതിന് ശേഷം അദ്ദേഹം അരമണിക്കൂര്‍ നേരം കാര്യങ്ങള്‍ വിശദീകരിച്ചു.
ഞങ്ങള്‍ തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഞങ്ങള്‍ സഹോദരങ്ങളെ പോലെയാണ്. ഞാനും അദ്ദേഹവും തമ്മില്‍ ഒറ്റക്കിരിക്കുമ്പോഴോ, ഒരു മീറ്റിങ്ങിലോ വഴക്കിട്ടിട്ടില്ല. എനിക്ക് അദ്ദേഹത്തോടുള്ള സ്‌നേഹത്തേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന് എന്നോടുണ്ട്. ഒരു അനിയനോടെന്ന പോലുള്ള വാത്സല്യവും അദ്ദേഹത്തിന് എന്നോടുണ്ട്. ഞങ്ങള്‍ തമ്മില്‍ പിണക്കമാണ്, ഞങ്ങള്‍ സംസാരിക്കാറില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ ഒരുമിച്ച് കണ്ട് ചിരിച്ചിട്ടുണ്ട്. ഇന്നുവരെ ഞങ്ങള്‍ തമ്മില്‍ ഒരു മോശമായ സംഭാഷണമുണ്ടായിട്ടില്ല,’ വി.ഡി. സതീശന്‍ പറഞ്ഞു.
നേരത്തെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മില്‍ തര്‍ക്കമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും മൈക്കുകള്‍ നീക്കിവെക്കുന്നതും ഇംഗ്ലീഷിലുള്ള ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് പ്രതികരിക്കാതെ കെ.സുധാകരന്‍ മറുപടി പറയുമെന്ന് പറഞ്ഞതുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിലെ വി.ഡി. സതീശന്റെ ശരീര ഭാഷക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നത് കോണ്‍ഗ്രസിനകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട അവതാരകയുടെ ചോദ്യത്തിനാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയിരിക്കുന്നത്.
content highlights: vd satheesan about relationship with k stdhakaran