തിരുവനന്തപുരം: കണ്ണൂരില്‍ തുടരെ ഉണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭാ സമ്മേളനത്തില്‍ എരഞ്ഞോളി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
നിങ്ങള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും, നമ്മള്‍ ജീവിക്കുന്ന കാലഘട്ടവുമായി നിങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും പരിഹസിച്ച് കൊണ്ട് വി.ഡി. സതീശന്‍ പറഞ്ഞു.
‘നിങ്ങള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. 25, 50 വര്‍ഷം മുമ്പ് ജീവിക്കേണ്ട സാഹചര്യത്തിലാണ് നിങ്ങള്‍ ഇപ്പോഴും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കുടില്‍ വ്യവസായം പോലെയാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുന്നത്. എത്ര നിരപരാധികളാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്നത്. നിങ്ങളുടെ സ്വന്തം പാര്‍ട്ടിക്കാരല്ലേ കൊലചെയ്യപ്പെടുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു.
തൊഴിലുറപ്പിന് പോയ സ്ത്രീകള്‍, ആക്രി പെറുക്കാന്‍ പോയ പാവങ്ങള്‍, കുഞ്ഞുങ്ങള്‍ തുടങ്ങി എത്ര നിരപരാധികളാണ് ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. എത്ര കുട്ടികള്‍ മരിച്ചെന്നതിന് തന്റെ പക്കല്‍ കണക്കുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ സ്ഥലത്തും സ്റ്റീല്‍ ബോംബുകള്‍ ഉണ്ടാക്കി വെക്കുകയാണ് ചെയ്യുന്നത്. സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടാല്‍ അത് തുറന്ന് നോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കണമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ ദിവസം മരിച്ച വയോധികന് 85 വയസിനും 90നും ഇടയിലാണ് പ്രായം. പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയപ്പോള്‍ സ്റ്റീല്‍ പാത്രം കണ്ട് അത് തുറന്ന് നോക്കുകയായിരുന്നു. അതിനകത്ത് എന്താണെന്ന് അറിയാനാണ് പാത്രം തുറന്ന് നോക്കിയത്. മുഖം പോലും വികൃതമായ രീതിയാണ് അദ്ദേഹം ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത്. പാര്‍ട്ടിയിലെ തന്നെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ഇതിന് പിന്നില്‍. സ്വന്തം പാര്‍ട്ടിക്കാരെ തന്നെ എറിയാന്‍ ഉണ്ടാക്കിവെച്ച ബോംബാണ് പൊട്ടിയതെന്ന് എല്ലാവര്‍ക്കും അറിയാം,’ വി.ഡി. സതീശന്‍ പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ നേതാക്കള്‍ തന്നെ പിന്തുണക്കുന്ന രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ അതിന് പകരം ചെയ്യാന്‍ എത്തുന്നവര്‍ക്കെതിരെ പൊട്ടിക്കാന്‍ ഉണ്ടാക്കി വെച്ചതായിരുന്നു ആ ബോംബുകളെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, എരഞ്ഞോളി ബോംബ് സ്‌ഫോടനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവര്‍ത്തിയും സര്‍ക്കാര്‍ തടയുമെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ചാണ് തലശേരിയിലെ എരഞ്ഞോളിയില്‍ ബോംബ് സ്‌ഫോടനത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടത്. പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് വേലായുധന്‍ (85) ബോംബ് പൊട്ടി മരിച്ചത്.
Content Highlight: VD Satheesan about Eranjholi blast