തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ സുരക്ഷിതമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സും പിന്നാലെ പങ്കാളി ജിജുവും മരിച്ചതിന് പിന്നാലെയാണ് വി.ഡി. സതീശന്റെ പ്രതികരണം.
ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ മരണം രക്ത സാക്ഷിത്വമാണെന്നും ഇത് ഒരു പാഠമായി ഉള്‍ക്കൊണ്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍ അവര്‍ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടെയുണ്ട്. ആ പോരാട്ടം ഒരു പരിഷ്‌കൃത സമൂഹം ഏറ്റെടുക്കേണ്ടതാണ്. പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാല്‍ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ലയെന്നുമാണ് ആ സമൂഹത്തില്‍പെട്ടവര്‍ പറയുന്നതെന്നും വി.ഡി. സതീശന്‍ ഫേസ്ബുക്കിലെഴുതി.
അതേസമയം ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ വെക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി.
സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ട്രാന്‍സ്‌ജെന്റര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം വിളിച്ച് സമിതിയ്ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. അനന്യയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്.
ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ സേവനം എന്നിവക്ക് പൊതുമാനദണ്ഡം തയ്യാറാക്കാനും യോഗത്തില്‍ ധാരണയായി. നിലവില്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നടന്നു വരുന്നത്. ഇതില്‍ ചികിത്സാ രീതികള്‍, ചികിത്സ ചിലവ്, തുടര്‍ചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം നിലവിലുള്ളതായി കാണുന്നില്ലെന്ന് യോഗം വിലയിരുത്തി.
ചൊവ്വാഴ്ചയാണ് അനന്യയെ കൊച്ചിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും ഉത്തരവിട്ടിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു.
എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തതെന്നും എന്നാല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായതായും അനന്യ ആരോപിച്ചിരുന്നു.
ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നതായി ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അനന്യ പറഞ്ഞിരുന്നു.
സര്‍ജറിയ്ക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നുണ്ടായിരുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും അനന്യ പറഞ്ഞിരുന്നു.
അനന്യയുടെ മരണത്തിന് പിന്നാലെ ഇന്ന് വൈറ്റിലയിലെ വീട്ടില്‍ അനന്യയുടെ പങ്കാളിജിജുവിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അനന്യയുടെ മരണത്തിന് ശേഷം ജിജു മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്ന് അനന്യയുടെ സുഹൃത്ത് വൈഗ സുബ്രഹ്‌മണ്യം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതെന്നും വൈഗ കൂട്ടിച്ചേര്‍ത്തു.