കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പരസ്യമായി ബി.ജെ.പിയെ സഹായിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃക്കാക്കരയില്‍ കോണ്‍ഗ്രസ്- ബി.ജെ.പി ധാരണയുണ്ടെന്ന് പറഞ്ഞ മന്ത്രി പി. രാജീവ് വെറുതെ വടികൊടുത്ത് അടി വാങ്ങരുതെന്ന് സതീശന്‍ പറഞ്ഞു.
നഗരസഭാ ഭരണം നിലനിര്‍ത്താന്‍ വേണ്ടി സി.പി.ഐ.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചുകൊടുത്തെന്നും സതീശന്‍ ആരോപിച്ചു.
എറണാകുളം നഗരത്തില്‍ ഒരു സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് വെറും 24 വോട്ടാണ്. നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പിയെ സഹായിച്ചതിന് കൃത്യമായ തെളിവുകളുണ്ട്. വോട്ടുകള്‍ നോക്കുകയാണെങ്കില്‍ യു.ഡി.എഫിന് വോട്ട് കൂടിയിട്ടുണ്ട്. ചെറിയ മഴയൊക്കെ പെയ്തതുകൊണ്ട് ആളുകള്‍
ഇറങ്ങാത്തതുകൊണ്ടാണ് യു.ഡി.എഫ് പല സ്ഥലത്തും തോറ്റതെന്ന് സതീശന്‍ പറഞ്ഞു.
ജോര്‍ജുമായി സന്ധി ചെയ്ത് പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയെയാണ് തൃക്കാക്കരയില്‍ നിര്‍ത്തിയിട്ടുള്ളത്. ജോര്‍ജ് തന്നെ പറഞ്ഞതാണ് ജോ ജോസഫ് തന്റെ സ്ഥാനര്‍ത്ഥിയാണെന്നുള്ളതെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ് എടുത്ത നടപടി അപലപനീയമാണെന്നും സധീശന്‍ പറഞ്ഞു.
പറഞ്ഞത് പിന്‍വലിച്ചുവെന്ന് കെ. സുധാകരന്‍ പറഞ്ഞതോടെ വിവാദം അവസാനിച്ചു. കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാത്ത കേസാണിത്. അര്‍ഹിക്കുന്ന അവജ്ഞയോടെ ഇതിനെ തള്ളിക്കളയുന്നു. തെരഞ്ഞെടുപ്പില്‍ പുതിയ വിഷയങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വ്വമായി ഉണ്ടാക്കുന്ന പ്രകോപനമാണിത്.
താമരശ്ശേരി ബിഷപ്പിനെ നൃകൃഷ്ട ജീവിയെന്ന് വിളിച്ച, കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രനെ പരനാറിയെന്ന് അഭിസംബോധന ചെയ്ത, കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിശേഷിപ്പിച്ച പിണറായി വിജയനെതിരെ എവിടെയാണ് കേസെടുത്തത്. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പാരമ്പര്യവും അതിന്റെ ക്രെഡിറ്റും പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐ.പി.സി സെക്ഷന്‍ 153ാം പ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടു നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.