| Friday, 5th May 2023, 3:33 pm

നാണംകെടുത്തി വിട്ടതിന്റെ പത്താം വാര്‍ഷികത്തില്‍ മറ്റൊരു എല്‍ ക്ലാസിക്കോ;വാംഖഡെയില്‍ വീണ കണ്ണിരിന് പ്രതികാരത്തിനൊരുങ്ങി തല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ മറ്റൊരു എല്‍ ക്ലാസിക്കോ മത്സരത്തിനാണ് ശനിയാഴ്ച കളമൊരുങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക്കില്‍ വെച്ചാണ് മത്സരം നടക്കുന്നത്. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തിലെത്തി തോല്‍പിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് രോഹിത്തിനും സംഘത്തിനും മേല്‍ അപ്പര്‍ഹാന്‍ഡ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ പടുത്തുയര്‍ത്തിയ 158 റണ്‍സിന്റെ ടോട്ടല്‍ 11 പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കവെയാണ് ചെന്നൈ മറികടന്നത്.

ഈ മത്സരത്തിന്റെ ആവേശം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഉണര്‍വ് നല്‍കുമ്പോഴും അവരൊരിക്കല്‍ പോലും ഓര്‍ക്കാന്‍ ശ്രമിക്കാത്ത സംഭവത്തിന്റെ ഓര്‍മകള്‍ തലയെയും സംഘത്തെയും കൊത്തിവലിക്കുന്നുണ്ടാവും.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തിലെ തന്നെ മോശം തോല്‍വികളിലൊന്ന് പിറന്നത് ഈ മത്സരത്തിന് കൃത്യം പത്ത് വര്‍ഷം മുമ്പാണ്. 2013 മെയ് അഞ്ചിനാണ് ചെന്നൈയെ നാണംകെടുത്തി മുംബൈ വിജയം ആഘോഷിച്ചത്.

വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മികച്ച ടോട്ടല്‍ സ്‌കോര്‍ ബോര്‍ഡിലെത്തിക്കാന്‍ മുംബൈക്ക് സാധിച്ചില്ല. നിശ്ചിത ഓവറില്‍ 139 റണ്‍സാണ് മുംബൈ നേടിയത്. 30 പന്തില്‍ നിന്നും 39 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍.

ചെന്നൈക്കായി ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബ്രാവോയും അശ്വിനും ഓരോ വിക്കറ്റും നേടി.

140 റണ്‍സ് ലക്ഷ്യവുമായി ബാറ്റ് വീശിയ സൂപ്പര്‍ കിങ്‌സിന് തുടക്കത്തിലേ പിഴച്ചു. രണ്ട് റണ്‍സുമായി മുരളി വിജയ് പുറത്തായപ്പോള്‍ വണ്‍ ഡൗണായെത്തിയ സുരേഷ് റെയ്‌ന ഗോള്‍ഡന്‍ ഡക്കായും ബദ്രിനാഥ് ബ്രോണ്‍സ് ഡക്കായും മടങ്ങി.

പിന്നാലയൈത്തിയവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ചെന്നൈ 79 റണ്‍സിന് ഓള്‍ ഔട്ടായി. മിച്ചല്‍ ജോണ്‍സണും പ്രഗ്യാന്‍ ഓജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മൂന്ന് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി ലസിത് മലിംഗ രണ്ട് വിക്കറ്റും സ്വന്തമാക്കി. സുയാലും ഭാജിയും ചേര്‍ന്ന് ശേഷിക്കുന്ന വിക്കറ്റും വീഴ്ത്തിയതോടെ വാംഖഡെയില്‍ ചെന്നൈ വധം പൂര്‍ത്തിയായി.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ തോല്‍വിക്ക് മറുപടി നല്‍കണമെന്ന വാശിയാണ് ഓരോ ചെന്നൈ ആരാധകനുമുള്ളത്. ആ പ്രതികാരം സ്വന്തം തട്ടകത്തില്‍ വെച്ചാകുമ്പോള്‍ അതിന് വീര്യവും കൂടും.

നിലവില്‍ പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയും നാല് തോല്‍വിയുമടക്കം 11 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ചെന്നൈ. ഒമ്പത് മത്സരത്തില്‍ നിന്നും പത്ത് പോയിന്റോടെ ആറാമതാണ് മുംബൈ ഇന്ത്യന്‍സ്.

Content Highlight:  Chennai Super Kings are ready to avenge their defeat ten years ago

We use cookies to give you the best possible experience. Learn more