ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്തുമായി വിവിധ വിസിമാരും അക്കാദമിക് പണ്ഡിതരും രംഗത്ത്. വി.സിമാരുടെ തെരഞ്ഞെടുപ്പ് പൂര്‍ണമായും അക്കാദമികപരവും ഭരണപരവുമായ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് കത്തില്‍ പറയുന്നു.
അക്കാദമിക് മാനദണ്ഡങ്ങല്‍ പാലിക്കാതെ ചില സംഘടനകളുമായുള്ള ബന്ധത്തിന്റെ പുറത്താണ് വി.സിമാരെയും മറ്റു അക്കാദമിക് വിദഗ്ധരെയും നിയമിച്ചത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. അത് പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്ന വിഷയവുമായിരുന്നു.
വിവിധ സര്‍വകലാശാലകളിലെ 11 വിസിമാര്‍ ഉള്‍പ്പടെ 181 അക്കാദമിക് വിധഗ്ധരാണ് രാഹുല്‍ഗാന്ധിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി പറയുന്നതുപോലെ ഏതെങ്കിലും സംഘടനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല വിസിമാരുടെ നിമയനമെന്നും അക്കാദമിക് മേഖലയിലെ മെറിറ്റ് നോക്കിയാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നത് എന്നും കത്തില്‍ പറയുന്നു. ജെ.എന്‍.യു വി.സി ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി വി.സി. യോഗേഷ് സിങ്, എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ ടി.ജി സീതാറം എന്നിവരുള്‍പ്പടെ ഈ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
സര്‍വ്വകലാശാലകളെ മുന്നോട്ട് കൊണ്ടുപോകാനുള്ള കാഴ്ചപ്പാടോടെ പൂര്‍ണമായും അക്കാദമികവും ഭരണപരവുമായി മെറിറ്റിനെ അടിസ്ഥാനമാക്കിയാണ് നിയമനങ്ങള്‍ നടക്കുന്നത്. രാജ്യത്തെ സര്‍വകലാശാലകള്‍ മുന്‍കാലങ്ങലെ അപേക്ഷിച്ച് ആഗോള റാങ്കിങ്ങിലും ലോകോത്തര ഗവേഷണങ്ങളിലും കണ്ടെത്തെലുകളിലും മുന്‍പന്തിയിലാണ്.
ഇന്ത്യയിലെ സര്‍വകലാശാലകള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്‍മാറണമെന്നും കത്തില്‍ പറയുന്നു. രാഹുല്‍ഗാന്ധി രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി അസത്യം പ്രചരിപ്പിക്കുകയാണെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ നിയമാനുസൃത നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി രാജ്യത്തെ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നടക്കുന്ന നിയമനങ്ങളുടെ മാനദണ്ഡം മെറിറ്റ് അല്ലെന്നും, ആര്‍.എസ്.എസിന്റെ പേര് പറയാതെ ചില സംഘടനകളുമായുള്ള ബന്ധമാണ് എന്നും പറഞ്ഞത്.
content highlights: VC’s open letter against Rahul Gandhi